പായ്ക്കിംഗ് സെന്ററുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു:മന്ത്രി കെ.രാജു

post

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ മുഖേന വിതരണം ചെയ്യുന്ന സൗജന്യ കിറ്റ് തയാറാക്കുന്ന പായ്ക്കിംഗ് കേന്ദ്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പത്തനംതിട്ട സപ്ലൈകോ ഡിപ്പോയുടെ കീഴിലുള്ള മൈലപ്ര  സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഓഡിറ്റോറിയത്തിലെ സ്‌പെഷ്യല്‍ പായ്ക്കിംഗ് സെന്റര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചില പായ്ക്കിംഗ് സെന്ററുകളില്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നതിന് കാലതാമസമുണ്ടാകുന്നുവെന്ന് അഭിപ്രായമുണ്ടായ സാഹചര്യത്തില്‍ അവ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനാണ് സന്ദര്‍ശനം നടത്തിയത്. ചില സാധനങ്ങള്‍ എത്തുന്നതിനുള്ള താമസമായിരുന്നു ഇതെന്ന് മനസിലാക്കാന്‍ സാധിച്ചു. തൂക്കി നോക്കിയ സാധനങ്ങളെല്ലാം അളവില്‍ കൃത്യത പുലര്‍ത്തുന്നുണ്ട്. പായ്ക്കിംഗ് നടത്തുന്ന ജീവനക്കാരെല്ലാം വളരെ ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

അളവുതൂക്കങ്ങളിലും പായ്ക്കിംഗിലും സുതാര്യത പുലര്‍ത്തുന്നതായി മന്ത്രിയോടൊപ്പം പായ്ക്കിംഗ് സെന്റര്‍ സന്ദര്‍ശിച്ച വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. കൂടാതെ ശുചിയായ ചുറ്റുപാടിലാണ് കിറ്റുകള്‍ പായ്ക്ക് ചെയ്യുന്നതെന്നും എംഎല്‍എ പറഞ്ഞു.

പത്തനംതിട്ട സപ്ലൈകോ ഡിപ്പോയുടെ കീഴില്‍ 16 സ്‌പെഷ്യല്‍ പായ്ക്കിംഗ് കേന്ദ്രങ്ങളാണുള്ളത്. ഈ കേന്ദ്രങ്ങള്‍ വഴി കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളിലേക്കുള്ള സൗജന്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് എല്ലാ സാധനങ്ങളും കിറ്റുകളും സൂക്ഷിക്കുന്നത്.

വിവിധ കേന്ദ്രങ്ങളിലായി 28384 പിങ്ക് കാര്‍ഡുകള്‍ക്കുള്ള കിറ്റ് തയാറായി കഴിഞ്ഞു. ഈ മാസം 22 മുതല്‍ ഇവ വിതരണം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പ്രയോറിറ്റി കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റും ക്വാറന്റൈനിലുള്ള കുടുംബങ്ങള്‍ക്കുള്ള കിറ്റുമാണ് തയാറാക്കിയിട്ടുള്ളത്. 27237 സബ്‌സിഡി കാര്‍ഡ് ഉടമകള്‍ക്കും (നീല കാര്‍ഡ്) 34390 സബ്‌സിഡി രഹിത കാര്‍ഡുടമകള്‍ക്കും (വെള്ള കാര്‍ഡ്) അടുത്ത ഘട്ടമായി കിറ്റ് തയാറാക്കും. ഒന്നാം ഘട്ടത്തില്‍ 7221 എഎവൈ കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് വിതരണം ചെയ്തുകഴിഞ്ഞു.

ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്.ബീന, സീനിയര്‍ സൂപ്രണ്ട് എം.എന്‍.വിനോദ് കുമാര്‍, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ സി.വി.മോഹന്‍കുമാര്‍, ജൂനിയര്‍ മാനേജര്‍ എസ്.ദിനേഷ് കുമാര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം പായ്ക്കിംഗ് സെന്റര്‍ സന്ദര്‍ശിച്ചു.