അവലോകന യോഗം ചേർന്നു
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ബോധവൽക്കരണ റാലി ഡിസംബർ ഒന്നിന് കോന്നിയിൽ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ വിവിധ ആരോഗ്യപരിപാടികളുടെ അവലോകന യോഗത്തിൽ അധ്യക്ഷനായിരുന്നു ജില്ലാ കളക്ടർ. ദേശീയ കുഷ്ഠരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി 2026 ജനുവരിയിൽ നടക്കുന്ന അശ്വമേധം പരിപാടിയിൽ പരിശീലനം ലഭിച്ച വോളന്റിയർമാർ ഗൃഹ സന്ദർശനത്തിലൂടെ രോഗികളെ കണ്ടെത്തി ചികിത്സ നൽകും. ഏകാരോഗ്യ പരിപാടിയുടെ ഭാഗമായി സാമൂഹ്യ അധിഷ്ഠിത സംയോജിത രോഗ നിരീക്ഷണത്തിന് ഉദ്യോഗസ്ഥതലത്തിലുള്ള പരിശീലനം വൈകാതെ പൂർത്തിയാകും.
യോഗത്തിൽ ആന്റിബയോട്ടിക് സാക്ഷരതായജ്ഞത്തിന്റെ ഭാഗമായ പോസ്റ്റർ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർ (എൻഎച്ച്എം) ഡോ. എസ് ശ്രീകുമാർ, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. സേതുലക്ഷ്മി, ഡോ. കെ ജീവൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.










