ഒരു ദിവസം 400 പേര്‍ക്ക് പനിയുണ്ടോയെന്നു പരിശോധിക്കാം

post

റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം ഫ്ളാഗ് ഓഫ് ചെയ്തു

പത്തനംതിട്ട : ആളുകള്‍ക്ക് പനിയുണ്ടോയെന്ന് പരിശോധിക്കാന്‍ കഴിയുന്ന റാപ്പിഡ് സ്‌ക്രീനിംഗ് വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കെ.രാജു കളക്ടറേറ്റ് അങ്കണത്തില്‍ നിര്‍വഹിച്ചു. റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം വീടുകളിലും ആളുകള്‍ കൂടുതലായി ഉള്ള സ്ഥലങ്ങളിലും എത്തും. അതിനാല്‍ ജനങ്ങള്‍ക്ക് പനി നോക്കുന്നതിനും കോവിഡ് സംബന്ധമായ മറ്റ് സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഡോക്ടറെ തേടി പോകേണ്ടി വരില്ല. ഒരു റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം ഉപയോഗിച്ച് നാലു മണിക്കൂര്‍ ഉള്ള രണ്ട് ഷിഫ്റ്റ് കൊണ്ട് ഒരു ദിവസം 400 പേരെ സ്‌ക്രീന്‍ ചെയ്യാനാവും. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം ജില്ലാ ഭരണകൂടം പുറത്തിറക്കിയത്.  കൂടാതെ കുറഞ്ഞ സമയത്ത് കൂടുതല്‍ ആള്‍ക്കാരെ സ്‌ക്രീന്‍ ചെയ്യാനും റാപ്പിഡ് സ്‌ക്രീനിംഗ് വാഹനത്തിലൂടെ സാധിക്കും. വാഹനത്തിന് മുന്‍പിലായി ഒരു ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ നിയന്ത്രണം വാഹനത്തിനുള്ളിലായിരിക്കും. ഇതിലൂടെ ആളുകള്‍ക്ക് പനി ഉണ്ടോ എന്ന് അറിയാന്‍ സാധിക്കും.

രണ്ടാം ഘട്ടമായി വാഹനത്തിന്റെ ഒരു വശത്ത്  വ്യക്തിയോട് ചോദ്യങ്ങള്‍ ചോദിച്ച് വിവരങ്ങള്‍ മനസിലാക്കാന്‍ സംവിധാനമുണ്ട്.  വാഹനത്തില്‍ ഒരു ടു വേ മൈക്ക് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തില്‍ നിന്ന് നാല് മീറ്റര്‍ ദൂരെ നിന്നാലും പുറത്തു നിന്നുള്ള സംഭാഷണം വാഹത്തിനകത്ത് കേള്‍ക്കാന്‍ സാധിക്കും. റാപ്പിഡ് സ്‌ക്രീനിംഗ് വാഹനത്തില്‍ ഒരു മെഡിക്കല്‍ വോളണ്ടിയറും ഒരു നോണ്‍ മെഡിക്കല്‍ വോളണ്ടിയറുമാണുണ്ടാവുക. തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ സുഹൃത്ത് ഡോ.വികാസിന്റെ ആശയമാണ് റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നിര്‍ദേശ പ്രകാരമാണ് റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം സജ്ജമാക്കിയത്.

സബ് കളക്ടര്‍ വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജെഫി ചക്കിട്ട ജേക്കബിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമും പി.ഡബ്ല്യു.ഡി. ഇലക്ടോണിക്സ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മാത്യു ജോണിന്റെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ ടീമുമാണ് സ്‌ക്രീനിംഗ് വാഹനത്തിനു പിന്നില്‍.എംഎല്‍എമാരായ മാത്യു ടി.തോമസ്, രാജു എബ്രഹാം, വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.