തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തിന് തുടക്കം

post

കണ്ണൂർ ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ പോളിംഗ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍-1 എന്നിവര്‍ക്കായി കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലനം തിരഞ്ഞെടുപ്പ് പൊതുനിരീക്ഷക ആര്‍.കീര്‍ത്തി ഉദ്ഘാടനം ചെയ്തു.

രാവിലെ 9.30, ഉച്ചക്ക് 1.30 എന്നിങ്ങനെ രണ്ടു ബാച്ചുകളായാണ് പരിശീലനം നല്‍കിയത്. പോളിംഗ് ബൂത്ത് ക്രമീകരണങ്ങള്‍, മറ്റ് നടപടിക്രമങ്ങള്‍ എന്നിവയില്‍ വിശദമായ ക്ലാസുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനവും നല്‍കി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ റവന്യൂ ഇന്‍സ്പെക്ടര്‍ ഒ.കെ.ബിനീഷ്, ജനനമരണ രജിസ്ട്രാര്‍ കെ.ദിലീപ് എന്നിവരാണ് ക്ലാസുകള്‍ എടുത്തത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. റിട്ടേണിങ് ഓഫീസര്‍മാരായ കെ.മനോഹരന്‍, അജിമോന്‍, ലെയ്സണ്‍ ഓഫീസര്‍ ഡോ.പ്രിയ എന്നിവര്‍ സംസാരിച്ചു.

ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയുടെ പരിധിയിലെ പോളിംഗ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍-1 എന്നിവര്‍ക്കായി കണ്ണൂര്‍ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിശീലനത്തിന് റിട്ടേണിങ് ഓഫീസറായ എസ്.വന്ദന, ശ്രീകണ്ഠാപുരം മുന്‍സിപ്പല്‍ സെക്രട്ടറി ടി.വി.നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വേണുഗോപാലന്‍, സുധീര്‍, ജീവാനന്ദന്‍ എന്നിവരായിരുന്നു മറ്റ് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍.

പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, എടക്കാട്, തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍, ഇരിട്ടി, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തിനും തുടക്കമായി. നവംബര്‍ 28 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.