തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
പരിപൂർണ സഹകരണം തേടി കളക്ടറും പൊതുനിരീക്ഷകയും
തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കവേ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് കളക്ടർ അഭ്യർഥിച്ചു. സമാധാനപരമായി തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതിന് എല്ലാവരുടെയും പരിപൂർണ സഹകരണമുണ്ടാകണമെന്ന് തിരഞ്ഞെടുപ്പ് പൊതുനിരീക്ഷക ആർ കീർത്തിയും പറഞ്ഞു.
തിരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റച്ചട്ടങ്ങൾ കൃത്യമായും പാലിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച സംശയനിവാരണത്തിനും പരാതികളിൽ ഉടൻ പരിഹാര നടപടി പരിഹാര നടപടി സ്വീകരിക്കുന്നതിനും ജില്ലാതല മോണിറ്ററിംഗ് സമിതി രണ്ടു ദിവസത്തിൽ ഒരിക്കൽ ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം നിയമപരമാണോയെന്ന് ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് സംശയ നിവാരണത്തിന് ഹെൽപ്പ് ഡെസ്‌ക് നമ്പറിൽ (8281264764, 04972941299) ബന്ധപ്പെടാം. ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കളക്ടർ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ 9447979150 എന്ന നമ്പറിൽ തന്നെ ബന്ധപ്പെടാമെന്നും ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിച്ച് കൂടിക്കാഴ്ച നടത്താവുന്നതാണെന്നും പൊതുനിരീക്ഷക പറഞ്ഞു.
സ്ഥാനാർഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുകയിൽ കൂടുതൽ ചെലവ് വരുത്തുന്നത് അയോഗ്യതക്ക് കാരണമാകുമെന്ന് ചെലവ് നിരീക്ഷകർ അറിയിച്ചു. സ്ഥാനാർഥികൾക്ക് ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും ഒന്നര ലക്ഷം രൂപയുമാണ് ചെലവഴിക്കാവുന്ന തുക. സ്പോൺസർഷിപ്പ് ഉൾപ്പെടെയുള്ള പ്രചരണങ്ങൾ സ്ഥാനാർഥിയുടെ ചെലവിൽ ഉൾപ്പെടും. ചെലവ് കണക്ക് നൽകാതിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാർഥികളെ കമ്മീഷൻ അയോഗ്യരാക്കുമെന്നും അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണെന്നും പ്രാദേശിക തലത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കണ്ടാൽ പോലീസിനെ മുൻകൂട്ടി അറിയിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ് പറഞ്ഞു. ഉത്സവകാലമായതിനാൽ കൂടുതൽ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. പ്രചരണത്തിൽ സംയമനം പാലിക്കണം. യോഗങ്ങളും റാലികളും നടത്തുന്നതിന് പൊലീസിൽ നിന്നും വരണാധികാരിയിൽ നിന്നും മുൻകൂർ അനുമതി എടുക്കണം. തിരഞ്ഞെടുപ്പ് സമാധാനപരമാകേണ്ടത് കൂട്ടുത്തരവാദിത്തമാണെന്നും പെരുമാറ്റച്ചട്ട നിർദ്ദേശങ്ങൾ നേതാക്കൾ അണികളിലേക്കും എത്തിക്കമെന്നും റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ പറഞ്ഞു.
കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പൊതുനിരീക്ഷക ആർ കീർത്തി, അസിസ്റ്റന്റ് കലക്ടർ എഹ്തെദാ മുഫസിർ, സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ്, റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ, എ ഡി എം കലാ ഭാസ്‌കർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ ബിനി, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, തിരഞ്ഞെടുപ്പ് നിരീക്ഷകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം പ്രകാശൻ മാസ്റ്റർ, ജോൺസൺ പി തോമസ്, അഡ്വ. എം.പി മുഹമ്മദ് അലി, മഹമ്മൂദ് കടവത്തൂർ, റമീസ് ചെറുവോട്, കെ.വി പ്രശോഭ്, വിപിൻ തോമസ്, ബിജു ഏളക്കുഴി, കെ.എസ് സാദിഖ് എന്നിവർ പങ്കെടുത്തു.










