തദ്ദേശ തിരഞ്ഞെടുപ്പ്; ഹരിത സന്ദേശ യാത്രയ്ക്ക് ജില്ലയിൽ തുടക്കം

post

തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പ് എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന 'ഹരിത സന്ദേശ വാഹന യാത്ര ജില്ലയിൽ പര്യടനം ആരംഭിച്ചു. പയ്യന്നൂർ കോളേജിൽ നടന്ന ജില്ലാതല ഉദ്ഘാടനവും ഹരിത പ്രചാരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കർമവും കോളേജ് പ്രിൻസിപ്പൽ ഡോ. വി.എം സന്തോഷ് നിർവഹിച്ചു. ഹരിത സന്ദേശ യാത്ര ആദ്യദിനത്തിൽ പയ്യന്നൂർ ബസ് സ്റ്റാൻഡ്, പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരം, ചെറുകുന്ന്തറ എന്നിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ബ്ലോക്കുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് പര്യടനം തുടരും. നവംബർ 28 ന് പയ്യാമ്പലം ബീച്ചിലാണ് സമാപനം.


തദ്ദേശ തിരഞ്ഞെടുപ്പിൽ ഹരിതചട്ടപാലനം ഉറപ്പാക്കുക, ഒറ്റത്തവണ നിരോധിത ഉൽപന്നങ്ങൾ ഒഴിവാക്കുക, അംഗീകൃത വസ്തുക്കൾ കൊണ്ടുമാത്രം ബാനറുകളും ബോർഡുകളും തയ്യാറാക്കുക, മലിനീകരണം പരമാവധി കുറക്കുക, പ്രകൃതിയെ മലിനപ്പെടുത്താതെ പ്രകൃതിദത്ത ഉൽപന്നങ്ങൾ ശീലമാക്കുക എന്നീ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മജീഷ്യൻ രാജീവ് മേമുണ്ടയും സംഘവും നയിച്ച മ്യൂസിക്കൽ മാജിക് ഷോയും അരങ്ങേറി.

ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എം സുനിൽകുമാർ അധ്യക്ഷനായി. ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ പി.പി അഷറഫ്, ശുചിത്വമിഷൻ ആർ.പി കെ.എം സോമൻ, പയ്യന്നൂർ കോളേജ് എൻ എസ് എസ് യൂണിറ്റ് ലീഡർ അർജുൻ മണികണ്ഠൻ, ഇ മോഹനൻ, എം സുജന എന്നിവർ പങ്കെടുത്തു.