കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണം പുനസ്ഥാപിച്ചു

post

കുടിവെള്ള ദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കും

തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്നതിനെ തുടർന്ന് കൊച്ചി നഗരത്തിൽ കുടിവെള്ള വിതരണത്തിൽ നേരിട്ട പ്രതിസന്ധിക്ക് പരിഹാരം. ബുധനാഴ്ച രാത്രിയോടെ നഗരത്തിലെ വിവിധ ഇടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം പുനസ്ഥാപിച്ചു. അതേസമയം കുടിവെള്ള ദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അവലോകന യോഗത്തിൽ നിർദ്ദേശം നൽകി.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു പരസ്പരം ബന്ധിപ്പിച്ച രണ്ട് കമ്പാർട്ട്മെന്റുകൾ ഉള്ള ടാങ്കിന്റെ ഒന്നാമത്തെ കമ്പാർട്ട്മെന്റ് തകർന്നതിനെ തുടർന്ന് കുടിവെള്ള വിതരണം തടസ്സപ്പെട്ടത്. അവശേഷിക്കുന്ന ടാങ്കിലെ ചോർച്ച പരിഹരിച്ച് ട്രയൽ റൺ നടത്തിയ ശേഷമാണ് കുടിവെള്ള വിതരണം പുനസ്ഥാപിച്ചത്. ബുധനാഴ്ച രാവിലെ നഗര മേഖലയിലേക്കും രാത്രിയോടെ തൃപ്പൂണിത്തുറ, പേട്ട തുടങ്ങിയ കിഴക്കൻ മേഖലകളിലേക്കും കുടിവെള്ളം എത്തിത്തുടങ്ങിയിരുന്നു.

നേരത്തെ ഇരു കമ്പാർട്ട്മെന്റുകളിൽ നിന്നുമായി 1.35 കോടി ലിറ്റർ വെള്ളമായിരുന്നു വിതരണം ചെയ്തിരുന്നത്. അതേസമയം 85 ലക്ഷം ലിറ്റർ വെള്ളം മാത്രമാണ് നൽകാൻ കഴിയുക. ഈ സാഹചര്യത്തിൽ നഗരത്തിന്റെ വിദൂര ഭാഗങ്ങളിൽ ജലദൗർലഭ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച ജല അതോറിറ്റി, കൊച്ചി നഗരസഭ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് അധികൃതരുടെ സംയുക്ത യോഗം ചേരാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

നവംബർ 12 ന് രാവിലെയും രാത്രിയുമായി നടത്തിയ ജലവിതരണം പരിശോധിച്ച് ജലദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാനാണ് തീരുമാനം.

കുടിവെള്ള ടാങ്കിന്റെ തകർന്ന കമ്പാർട്ട്മെൻ്റ് പുനർ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച്ചക്കുള്ളിൽ പരിശോധന റിപ്പോർട്ടും ഡിസൈനും സമർപ്പിക്കാൻ ജല അതോറിറ്റി എഞ്ചിനീയറിംഗ് വിഭാഗത്തിന് നിർദ്ദേശം നൽകി. ഡിസൈൻ തയ്യാറായാൽ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.