കൊച്ചിയിൽ നവംബർ 11ന് ജലവിതരണം തടസ്സപ്പെടും
തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച കൊച്ചി നഗരത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് കുടിവെള്ള വിതരണം നിർത്തി വെക്കുന്നത്. എവിടെയെങ്കിലും ജല ദൗർലഭ്യം നേരിടുന്ന സാഹചര്യമുണ്ടായാൽ കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കൊച്ചി നഗരസഭക്കും ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിനും ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദ്ദേശം നൽകിയിട്ടുണ്ട്.
നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത് തമ്മനത്തെ ജലസംഭരണിയിൽ നിന്നായിരുന്നു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു രണ്ട് കമ്പാർട്ട്മെൻ്റുകളുള്ള സംഭരണിയുടെ ആദ്യ കമ്പാർട്ട്മെൻറ് തകർന്നത്. ഇരു കമ്പാർട്ട്മെന്റുകളെയും തമ്മിൽ വേർതിരിച്ച ശേഷമേ പമ്പിംഗ് പുനസ്ഥാപിക്കാൻ കഴിയൂ. ഇതോടൊപ്പം രണ്ടാമത്തെ ടാങ്കിലെ ചോർച്ച കൂടി പരിഹരിക്കേണ്ടതുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലക്കാണ് ഇതിൻ്റെ ചുമതല. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച വൈകീട്ടോടെ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം നിറച്ച ശേഷമേ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകൂ. ബുധനാഴ്ചയോടെ കുടിവെള്ള വിതരണം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.
അതേ സമയം തകർന്ന കമ്പാർട്ട്മെൻ്റിൻ്റെ അറ്റകുറ്റപ്പണികൾ പിന്നീട് നടത്തിയാൽ മതി എന്നാണ് അധികൃതരുടെ തീരുമാനം. കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.










