തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ജില്ലാ കലക്ടര്‍ പ്രവര്‍ത്തനം വിലയിരുത്തി

post

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ച് ബിഎല്‍ഒ സൂപ്പര്‍വൈസരുടെ പ്രവര്‍ത്തനം പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിലയിരുത്തി.മൈലപ്ര, മലയാലപ്പുഴ, ഓമല്ലൂര്‍, ചെന്നീര്‍ക്കര എന്നീ വില്ലേജ് ഓഫീസുകളാണ് സന്ദര്‍ശിച്ചത്.

തുടര്‍ന്ന് ഫോം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലെത്തി ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തി. സമയബന്ധിതമായി ഫോമുകളുടെ വിതരണം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

 തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം ജില്ലയില്‍ നവംബര്‍ നാല് മുതല്‍ ആരംഭിച്ചു. ബിഎല്‍ഒ മാര്‍ മൂന്നു തവണ വീടുകള്‍ സന്ദര്‍ശിക്കും. 13 തിരിച്ചറിയല്‍ രേഖകളിലൊന്ന് വോട്ടര്‍മാര്‍ക്ക് ഹാജരാക്കണം. ഫോം പൂരിപ്പിച്ച് തിരികെ ബിഎഒമാര്‍ക്ക് നല്‍കണം.

എന്യുമറേഷന്‍ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ കളക്ഷന്‍ സെന്ററുകള്‍ സജീകരിച്ചിട്ടുണ്ട്. പ്രാഥമിക വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ ഒമ്പതിനും ആവശ്യങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും അപേക്ഷിക്കാനുള്ള കാലയളവ് 2025 ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി എട്ടു വരെയും നോട്ടീസ് ഘട്ടം 2025 ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 31 വരെയുമാണ്. അവസാന വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.