ഒരുമിക്കാം ആരോഗ്യത്തിനായി: പോസ്റ്റര്‍ പ്രകാശനം ചെയ്തു

post

ഇടുക്കി ജില്ലയില്‍ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായുള്ള  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ   അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ജില്ലാതല യോഗം ചേര്‍ന്നു. അതിന്റെ ഭാഗമായി  ‘ഒരുമിക്കാം  ആരോഗ്യത്തിനായി 'എന്ന ടാഗ് ലൈനോടു കൂടിയ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു.  ഏകാരോഗ്യവുമായി ബന്ധപ്പെട്ട മീറ്റിങ്ങുകളില്‍ എല്ലാ വകുപ്പുകളുടെയും പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്തണം. കൂടാതെ പഞ്ചായത്ത് തലത്തില്‍ ഏകാരോഗ്യസമിതി കൂടണമെന്നും കിലയുടെ ട്രെയിനിങ് മോഡ്യൂളില്‍ ഏകാരോഗ്യം എന്ന വിഷയം ഉള്‍പ്പെടുത്തി പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, മെമ്പര്‍ എന്നിവര്‍ക്ക്  ഈ വിഷയത്തില്‍ പരിശീലനം ലഭ്യമാക്കണമെന്നും  കളക്ടര്‍ പറഞ്ഞു.

 വണ്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. അജീഷ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.ജോബിന്‍ ജി ജോസഫ് ഏകാരോഗ്യവുമായി ബന്ധപ്പെട്ട പകര്‍ച്ചവ്യാധികളുടെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍,വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ  പ്രാധാന്യം എന്നിവ സംബന്ധിച്ച് സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഖയസ് ഇ കെ  ഏകാരോഗ്യം പദ്ധതിയെ സംബന്ധിച്ച് ജില്ലയില്‍ വിഭാവനം ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ആരോഗ്യമേഖലയില്‍ മെച്ചപ്പെട്ട നേട്ടങ്ങള്‍ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മനുഷ്യരും പക്ഷി മൃഗാദികളും സസ്യങ്ങളും അവ പങ്കിടുന്ന പരിസ്ഥിതിയും തമ്മിലുള്ള പരസ്പര ബന്ധം തിരിച്ചറിഞ്ഞ് വിവിധ വിജ്ഞാന ശാഖകള്‍ തമ്മില്‍ പല തലങ്ങളിലുള്ള സഹകരണം ഉറപ്പാക്കി കൊണ്ടുള്ള സമീപനമാണ് ഏക ആരോഗ്യം അഥവാ വണ്‍ ഹെല്‍ത്ത്. സാമൂഹ്യാധിഷ്ഠിത രോഗനിരീക്ഷണത്തിലൂടെ പകര്‍ച്ചവ്യാധികള്‍ എത്രയും നേരത്തെ കണ്ടെത്തി അവ തടയുകയും പ്രത്യാഘാതങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി വളന്റിയര്‍മാര്‍, മെന്റര്‍മാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സാമൂഹികാധിഷ്ഠിത നിരീക്ഷണസംവിധാനം നടപ്പിലാക്കുന്നത്. നവംബര്‍ 3 മുതല്‍ 15 വരെ ഏകാരോഗ്യം പക്ഷാചരണം നടപ്പിലാക്കുന്ന വേളയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. വിവിധ വകുപ്പ് പ്രതിനിധികള്‍, കമ്മ്യൂണിറ്റി മെന്റര്‍മാര്‍ എന്നിവരെ  പങ്കെടുപ്പിച്ചുള്ള ശില്പശാലകള്‍, മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്ത് കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍സ്, ഫീല്‍ഡ് തലത്തിലുള്ള ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ജന്തുജന്യരോഗങ്ങളെ സംബന്ധിച്ച്, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി വിവിധങ്ങളായ  മത്സരങ്ങള്‍ എന്നിവ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.


യോഗത്തില്‍ സബ് കളക്ടര്‍  അനൂപ് ഗാര്‍ഗ്, എ.ഡി.എം ഷൈജു പി ജേക്കബ് ,ആരോഗ്യ വിഭാഗം ജീവനക്കാര്‍, ആരോഗ്യ കേരളം ജീവനക്കാര്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.