ഭരണഭാഷ മലയാളം: ആവേശമായി പ്രശ്‌നോത്തരി മത്സരം

post

ഇടുക്കി കളക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിൽ ഭരണഭാഷാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും വിവര - പൊതുജനസമ്പര്‍ക്കവകുപ്പും സംയുക്തമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഭരണഭാഷാ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. ചലച്ചിത്രമാക്കിയ തകഴിയുടെ ആദ്യ നോവല്‍, കാക്കനാടന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട എഴുത്തുകാരന്‍ തുടങ്ങിയ മലയാള സാഹിത്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍, മലയാളത്തിലെ മാനക പദങ്ങള്‍, 2022 ലെ ലിപി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തുടങ്ങിയവ ഭാഷയുടെ സമസ്ത മേഖലകളെക്കുറിച്ചും അറിവ് പകരുന്നതായി.

പ്രഭാഷകനും കോളമിസ്റ്റുമായി റാഷി മക്കാര്‍ ആയിരുന്നു ക്വിസ് മാസ്റ്റര്‍. തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പ്രശ്‌നോത്തരി മത്സരത്തില്‍ പട്ടികജാതി വികസന വകുപ്പിലെ ഒാഫീസ് അറ്റന്‍ഡന്റ് അനില്‍ ഇ.എന്‍. ഒന്നാം സ്ഥാനം നേടി. ജില്ലാ പ്ലാനിങ് ഓഫീസിലെ  റിസര്‍ച്ച്  ഓഫീസര്‍ കെ.ടി. നവാസ് മഹ്‌മൂദ് രണ്ടാം സ്ഥാനവും റവന്യൂ വകുപ്പിലെ സീനിയര്‍ ക്ലാര്‍ക്ക്  കെ.മനേഷ് മൂന്നാം സ്ഥാനവും നേടി.

ഇടുക്കി ജില്ലയിലെ  സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ തുടങ്ങിയവരാണ് പ്രശ്‌നോത്തരിയില്‍ പങ്കെടുത്തത്.

മലയാളഭാഷ - സാഹിത്യമേഖല, കേരളത്തിലെ സാംസ്‌കാരികരംഗം എന്നിവ  അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. 10 ചോദ്യങ്ങളുള്ള പ്രാഥമികഘട്ടത്തില്‍  ഏറ്റവും കൂടുതല്‍ ശരിയുത്തരം നല്‍കിയ നാല് പേരെ  അന്തിമഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു. തുടര്‍ന്ന് 12 ഘട്ടങ്ങളായാണ് മത്സരം സംഘടിപ്പിച്ചത്.

പരിപാടിയില്‍ അസിസ്റ്റന്റ് എഡിറ്റര്‍ സുനില്‍കുമാര്‍ എം. എന്‍., അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ എം., ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.