ഇടുക്കി വോളിബോൾ അക്കാദമിയിൽ ഒന്നര കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ
ഇടുക്കി വോളിബോൾ അക്കാദമി നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജില്ലയിൽ സ്പോർട്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കായിക രംഗത്ത് ഒട്ടേറെ കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുട്ടികളുടെ കായിക വളർച്ച ലക്ഷ്യമിട്ട് നെടുങ്കണ്ടത്തും മൂന്നാറിലും സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വോളിബോളിനോടുള്ള തൻ്റെ താൽപ്പര്യവും ഭാവിയിൽ കുട്ടികൾക്ക് പ്രയോജനപ്രദമാകുമെന്നതും പരിഗണിച്ചാണ് ഇടുക്കിയിൽ വോളിബോൾ അക്കാദമി സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി വോളിബോൾ അക്കാദമിയുടെ നവീകരണത്തിന് പ്രത്യേക പരിഗണന നൽകിയ കായിക മന്ത്രി വി. അബ്ദുറഹ്മാൻ്റെ ഇടപെടൽ പ്രശംസനീയമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലയുടെ കായിക വികസന രംഗത്ത് പ്രധാന പങ്കുവഹിച്ച മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് റോമിയോ സെബാസ്റ്റ്യനെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. കോളേജ് കാലഘട്ടത്തിലെ വോളിബോൾ കളിക്കാരൻ കൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ തിരക്കിനിടയിലും അക്കാദമിയിലെ കുട്ടികൾക്കൊപ്പം പന്ത് തട്ടിയിട്ടാണ് മടങ്ങിയത്. കളത്തിലിറങ്ങി പന്ത് തട്ടിയ മന്ത്രി കുട്ടികൾക്ക് ആവേശം പകർന്നു.

1.50 കോടി രൂപ ചെലവിലാണ് ഇടുക്കി വോളിബോൾ അക്കാദമിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. വുഡൻ കോർട്ട്, ഇൻഡോർ കോർട്ട്, ഓപ്പൺ കോർട്ട്, അക്കാദമി ഹോസ്റ്റൽ എന്നിവയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. നിലവിൽ 24 കുട്ടികളാണ് വോളിബോൾ അക്കാദമിയിൽ പഠിക്കുന്നത്.
ഇടുക്കി വോളിബോൾ അക്കാദമി അങ്കണത്തിൽ ചേർന്ന യോഗത്തിൽ മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോയി അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാകുന്നേൽ,മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് റോമിയോ സെബാസ്റ്റ്യൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മുഹമ്മദ് ഫൈസൽ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ജേക്കബ് ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം പ്രഭാ തങ്കച്ചൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി.എ ഷാജിമോൻ എന്നിവർ സംസാരിച്ചു.









