പത്തനംതിട്ട- തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ഫ്ലാഗ് ഓഫ് ചെയ്തു
പത്തനംതിട്ടയിൽ നിന്ന് പട്ടാഴി വഴി തിരുവനന്തപുരത്തേക്ക് സർവീസ് അനുവദിച്ച കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് പത്തനംതിട്ട ഡിപ്പോയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ജനകീയമായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസി മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. പ്രതിദിനം 14 ലക്ഷം രൂപ എന്ന ലക്ഷ്യം മറികടന്ന് 19 ലക്ഷം രൂപ വരുമാനം നേടിയ പത്തനംതിട്ട ഡിപ്പോയുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്. കെഎസ്ആർടിസിക്ക് കൂടുതൽ ഗുണഭോക്താക്കളുള്ള നാടാണ് പത്തനംതിട്ടയെന്നും മന്ത്രി പറഞ്ഞു.
എല്ലാ ദിവസവും രാവിലെ 5.20 നാണ് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. ചന്ദനപ്പള്ളി, ഏഴംകുളം, പട്ടാഴി ക്ഷേത്രം, കൊട്ടാരക്കര, വെഞ്ഞാറമൂട്, ടെക്‌നോപാർക്ക്, മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി വഴി 8.40 ഓടെ തിരുവനന്തപുരത്ത് എത്തും.
കെഎസ്ആർടിസിയും വിവോ കമ്പനിയും സംയുക്തമായി ഒരുക്കിയ ശീതീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനവും ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രം ദേവസ്വം നൽകിയ എയർപോർട്ട് ചെയറുകളുടെ ഏറ്റുവാങ്ങലും മന്ത്രി നിർവഹിച്ചു.
നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷനായി. മുൻ എംഎൽഎ കെ സി രാജഗോപാൽ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ റോയ് ജേക്കബ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മനോജ് മാധവശ്ശേരിൽ, എം മുഹമ്മദ് സാലി, ഷാഹുൽ ഹമീദ്, വർഗീസ് മുളയ്ക്കൽ, നിസാർ നൂർമഹാൽ, നൗഷാദ് കണ്ണങ്കര തുടങ്ങിയവർ പങ്കെടുത്തു.










