ജില്ലാ ഭക്ഷ്യസുരക്ഷാ ലാബ് പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു
യാഥാർത്ഥ്യമായത് പത്തനംതിട്ടയുടെ സ്വപ്നം : മന്ത്രി വീണാ ജോർജ്
അത്യാധുനിക സൗകര്യങ്ങളോടെ പൂർത്തിയായ ജില്ല ഭക്ഷ്യസുരക്ഷാ ലാബിലൂടെ സഫലമായത് പത്തനംതിട്ടയുടെ സ്വപ്നമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട നഗരത്തിൽ അണ്ണായിപാറയിൽ ജില്ല ഭക്ഷ്യസുരക്ഷാ ലാബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ ആസ്ഥാനത്തിന്റെ വികസന സാക്ഷ്യമാണ് ലാബ്. കേരളത്തിൽ 50 വർഷത്തിനു ശേഷമാണ് ഒരു ഭക്ഷ്യ സുരക്ഷ ലാബ് സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് നാലാമത്തെതാണ്. സംസ്ഥാന രൂപീകരണത്തിന് ശേഷം 1957 ലാണ് ആദ്യത്തെ ഭക്ഷ്യസുരക്ഷാ ലാബ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് മറ്റു ലാബുകൾ.
ജില്ലയെ സംബന്ധിച്ചിടത്തോളം ഭക്ഷ്യ സുരക്ഷാ ലാബ് സുപ്രധാനമാണ്. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വഴിപാട് സാധനങ്ങൾ പരിശോധിക്കുന്നതിനായി 1997ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1998 മുതൽ ജില്ലയിൽ ജില്ലാ ഭക്ഷ്യപരിശോധന ലബോറട്ടറി പ്രവർത്തിച്ചു വരുന്നു. ലബോറട്ടറിയിൽ കുടിവെള്ള പരിശോധയ്ക്കും മറ്റ് ഭക്ഷ്യവസ്തുക്കളുടെ പ്രാഥമിക പരിശോധന നടത്തുവാനുമുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന് കോടി രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനത്തോടെയാണ് ലാബ് വിപുലീകരിച്ചത്.

ഭക്ഷ്യസുരക്ഷയ്ക്കായി നിരവധി പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ആരോഗ്യത്തിന്റെ ഘടകമാണ് ഭക്ഷണം. മായമില്ലാത്ത ആഹാരം, ശുദ്ധമായ കുടിവെള്ളം എന്നിവ പ്രാധാനമാണ്. എൻഫോഴ്സ്മെന്റ് നടപടി കൂടുതൽ ഊർജിതമാക്കിയും വിവിധ ഡ്രൈവുകൾ സംഘടിപ്പിച്ചും ഭക്ഷ്യസുരക്ഷാ വകുപ്പും മുന്നോട്ടു പോകുന്നു. ഇതിനായി അധിക തസ്തിക സൃഷ്ടിച്ചു. ഹെൽത്ത് കാർഡ് നിർബന്ധമാക്കി. സമീപവർഷങ്ങളിൽ ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് തുടർച്ചയായി രണ്ടു തവണ ഒന്നാമതാവാൻ സംസ്ഥാനത്തിന് സാധിച്ചു. പത്തനംതിട്ട ഭക്ഷ്യ സുരക്ഷാ ലാബിന് എൻ എ ബി എൽ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള നടപടിയിലേക്ക് കടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭക്ഷ്യ സുരക്ഷാ കമ്മിഷണർ അഫ്സാന പർവീൺ അധ്യക്ഷയായി. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അനില ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു.
പൂർണമായും സംസ്ഥാന ഫണ്ടുപയോഗിച്ചാണ് ലാബ് ആധുനികവത്ക്കരിച്ചിട്ടുള്ളത്. ലബോറട്ടറിയുടെ താഴത്തെ നിലയിൽ സാമ്പിൾ റിസീവിംഗ് ആന്റ് സ്റ്റോറേജ്, ഓഫീസ്, കെമിക്കൽ സ്റ്റോറേജ് റൂം, ലബോറട്ടറി, സ്റ്റാഫ് റൂം, ഫുഡ് അനാലിസിസ് റൂമുകൾ എന്നിങ്ങനെയാണുള്ളത്. രണ്ടാം നിലയിൽ ഇൻസ്ട്രുമെന്റേഷൻ റൂം, സാമ്പിൾ പ്രിപ്പറേഷൻ എരിയ, സ്റ്റാഫ് റൂം എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു. മൂന്നാം നിലയിൽ വാട്ടർ ലാബ്, ഫുഡ് ലാബ്, ബാലൻസ് റൂം, മൈക്രോബയോളജി ലാബ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു. ലാബിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനായി നിലവിലുള്ള മൂന്ന് തസ്തികകൾക്ക് പുറമെ 10 തസ്തിക സർക്കാർ കൂടുതലായി അനുവദിച്ചിട്ടുണ്ട്. ആധുനിക ഉപകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
എഫ് എസ് എസ് എ ഐ ഡെപ്യൂട്ടി ഡയറക്ടർ കെ എൻ ധന്യ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മനോജ് മാധവശ്ശേരിൽ, എം മുഹമ്മദ് സാലി, ഷാഹുൽ ഹമീദ്, വർഗീസ് മുളയ്ക്കൽ, നിസാർ നൂർമഹാൽ, നൗഷാദ് കണ്ണങ്കര തുടങ്ങിയവർ പങ്കെടുത്തു.










