തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദപരമായി നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷന്റെ നിർദേശപ്രകാരമുള്ള ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ ശുചീകരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് നിർദേശിച്ചു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മാലിന്യപരിപാലനം വീഴ്ച്ച കൂടാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ചുമതല ജില്ലാ കളക്ടർമാർക്കാണ്. ഇതിനായി അസിസ്റ്റന്റ്റ് ഡയറക്ടർ (മാലിന്യ പരിപാലനം), ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ഹരിതചട്ടം സെൽ ജില്ലാ കളക്ടറുടെ പിന്തുണാ സംവിധാനമായി പ്രവർത്തിക്കും.
നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നവർക്കെതിരെയും ഹരിതചട്ട നിബന്ധനകൾ പാലിക്കാത്തവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കും. ഇത് കണ്ടെത്തുന്നതിനായി തദ്ദേശസ്ഥാപന തലത്തിൽ പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡിന് സെക്രട്ടറി രൂപം നൽകണം. നിരോധിത വസ്തുക്കൾ ഉപയോഗിച്ച് പോസ്റ്റർ, ബാനർ, ബോർഡുകൾ മറ്റു പ്രചാരണ ഉപാധികൾ തയ്യാറാക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി ഉറപ്പാക്കും.
പ്രചാരണ സാമഗ്രികൾ, പാഴ് വസ്തുക്കൾ എന്നിവ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും ഹരിത കർമ്മ സേനയ്ക്ക് യൂസർഫീ സഹിതം കൈമാറണം. നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ തദ്ദേശസ്ഥാപന സെക്രട്ടറി പ്രസ്തുത സാമഗ്രികൾ നീക്കം ചെയ്യുകയും, ഇതിന്റെ ചെലവ് സ്ഥാനാർത്ഥിയിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നതാണ്. മാലിന്യ പരിപാലനത്തിൽ ഉണ്ടാകുന്ന വീഴ്ച സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കി നടപടിയെടുക്കും.
പോളിംഗ് ബൂത്ത്, വിതരണ കേന്ദ്രം, കൗണ്ടിംഗ് സ്റ്റേഷൻ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കർശനമായി ഹരിതചട്ടം പാലിക്കണം. ഇവിടങ്ങളിൽ ഉണ്ടാകുന്ന പാഴ് വസ്തുക്കൾ തരം തിരിച്ച് സംഭരിക്കുന്നതിന് ബിന്നുകളും, പാഴ് വസ്തുക്കൾ യഥാസമയം നീക്കം ചെയ്യുന്നതിന് ഹരിത കർമ്മസേനയുടെ സേവനവും ഉറപ്പാക്കണം.
പോളിംഗ് ഉദ്യോഗസ്ഥർക്കും ഏജന്റുമാർക്കുമുള്ള ഭക്ഷണത്തിനായി പ്ലാസ്റ്റിക് പാഴ്സലുകൾ പൂർണ്ണമായും ഒഴിവാക്കി പകരം വാഴയിലയിലോ പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലോ മാത്രം ഭക്ഷണം ലഭ്യമാക്കണം. ഇതിനുള്ള ക്രമീകരണം കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾ മുഖേന കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഒരുക്കേണ്ടതാണ്.
ഹരിത ചട്ട ലംഘനം റിപ്പോർട്ട് ചെയ്യുന്നതിനായി സിംഗിൾ വാട്സപ്പ് നമ്പർ ' പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കും.
തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് വിശദീകരിച്ച് നൽകാനും പ്രാദേശിക, സാമൂഹിക മാധ്യമങ്ങൾ വഴി ജനങ്ങളിലേക്ക് എത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.










