കാഞ്ഞാര്‍ പാലത്തിന്റെ സമാന്തര നടപ്പാലം നിര്‍മ്മാണ ഉദ്ഘാടനം ചെയ്തു
                                                ഇടുക്കി കാഞ്ഞാര്‍ പാലത്തിന്റെ സമാന്തര നടപ്പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിർവഹിച്ചു.പശ്ചാത്തല വികസന മേഖലയില്‍ ഇടുക്കി ജില്ല വലിയ മുന്നേറ്റം സൃഷ്ടിച്ചുവെന്നും വിവിധ പദ്ധതികള്‍ ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം കുട്ടിക്കാനത്ത് നടന്ന ടൂറിസം  സെമിനാറില്‍ പങ്കെടുത്ത വിദേശ പ്രതിനിധികള്‍ പറഞ്ഞത് ഹൈറേഞ്ചിലെ റോഡുകള്‍ക്ക് വന്ന മാറ്റം അത്ഭുതകരമാണെന്നും ഇടുക്കിയിലെ റോഡുകള്‍ ടൂറിസത്തിന് ശക്തി പകരുന്നതുമാണെന്നാണ്. കോവിഡിനു ശേഷം ഇടുക്കി ജില്ല ടൂറിസം മേഖലയില്‍ വലിയ കുതിപ്പാണ് നടത്തിയത്.ഈ സര്‍ക്കാര്‍ കഴിഞ്ഞ 9 വര്‍ഷത്തില്‍ കേരളത്തില്‍ മികച്ച നിലവാരമുള്ള  ബിഎംആന്റ്ബിസി റോഡുകള്‍, പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍ എന്നിവ നിര്‍മ്മിച്ചു. പറഞ്ഞ വാക്കുകള്‍ പാലിക്കുന്ന സര്‍ക്കാരാണ് ഇതെന്നു അദ്ദേഹം പറഞ്ഞു.
കാലഘട്ടം മാറുന്നതനുനുസരിച്ച് നാടിന് വേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. കാല്‍നട യാത്രക്കാര്‍ക്ക് നടപ്പാത  ഇല്ലായിരുന്ന സാഹചര്യത്തിലാണ്  നിലവിലുള്ള കാഞ്ഞാര്‍ പാലത്തിനോട് ചേര്‍ന്ന് സമാന്തരമായി നടപ്പാലം നിര്‍മ്മിക്കുന്നത്. ഈ  പദ്ധതിയ്ക്ക് സര്‍ക്കാര്‍ 3 കോടി രൂപ അനുവദിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.  
അപകരഹിതമായി കാല്‍നട യാത്രക്കാര്‍ക്ക് യാത്ര ചെയ്യുന്നതിന് ഉപകരിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വലിയ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഈ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.ഈ സര്‍ക്കാരിന്റെ  വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നും അവ ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞാര്‍ -ആനക്കയം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവെന്നും നിലവിലുള്ള പൈപ്പ് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം  ഉടന്‍ റോഡ് നിര്‍മ്മാണം ആരംഭിക്കും. കോളപ്ര-കാഞ്ഞാര്‍  ടൂറിസം  പദ്ധതിക്ക് വേണ്ടി  16 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കാഞ്ഞാര്‍ പുള്ളിക്കാനം റോഡ് നിര്‍മ്മാണത്തിന് വേണ്ടി   8 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറയിച്ചു.
യോഗത്തില്‍ കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. എന്‍. ഷിയാസ്, വൈസ് പ്രസിഡന്റ് അഞ്ജലീന സിജോ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  പുഷ്പ വിജയന്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സിബി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഷാ റോജി,ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ആന്റണി,കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  എന്‍.ജെ. ജോസഫ്,നെസിയ ഫൈസല്‍,ലതാ ജോസ്,ബിന്ദു സുധാകരന്‍ ,ഷീബ ചന്ദ്രശേഖരപിള്ള, സുജ ചന്ദ്രശേഖരന്‍,ശ്രീജിത്ത് സി.എസ്,സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ സിനി ബാബു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










