കുടിവെള്ള ക്ഷാമത്തിന് അറുതിയാകുന്നു: അറക്കുളം സമഗ്ര ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തീകരണത്തിലേയ്ക്ക്

post

ഇടുക്കി അറക്കുളം, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുന്നു. അറക്കുളം ഹൈ ലെവല്‍, ലോ ലെവല്‍ സോണ്‍ സമഗ്ര ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് കടക്കുന്നു.

ഹൈ ലെവല്‍ സോണ്‍ പദ്ധതി: 13 ടാങ്കുകള്‍, 58 കിലോമീറ്റര്‍ വിതരണ ശൃംഖല

ഹൈ ലെവല്‍ സോണ്‍ പദ്ധതിയിലൂടെ ഇരു പഞ്ചായത്തുകളിലുമായി ആകെ 2223 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളാണ് ലഭ്യമാവുക. ഇതില്‍ അറക്കുളത്ത് 1812 കണക്ഷനുകളും വെള്ളിയാമറ്റത്ത് 411 കണക്ഷനുകളും നല്‍കും. പദ്ധതിക്കായി 39.76 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ശുദ്ധീകരിച്ച ജലം കുളമാവിലെ ശുദ്ധീകരണ ശാലയ്ക്ക് സമീപം നിര്‍മ്മിക്കുന്ന ടാങ്കില്‍ ശേഖരിച്ച് പോത്തുമറ്റം, നാടുകാണി വ്യൂ പോയിന്റ് എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന ടാങ്കുകളിലേയ്ക്കും നിലവിലുള്ള നവോദയ ടാങ്കിലേയ്ക്കും എത്തിക്കുന്നു.


മൊത്തം 13 ടാങ്കുകളില്‍ നിന്നായി 58514 മീറ്റര്‍ (ഏകദേശം 58.5 കിലോമീറ്റര്‍) ദൂരത്തില്‍ സ്ഥാപിക്കുന്ന വിതരണ ശൃംഖലയിലൂടെ അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യാനാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രതിദിനം 30 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള കുളമാവില്‍ സ്ഥാപിക്കുന്ന ശുദ്ധീകരണ ശാലയുടെ നിര്‍മ്മാണം 69 ശതമാനം പൂര്‍ത്തിയായി. ഇടുക്കി റിസര്‍വോയറിന്റെ ഭാഗമായ കുളമാവ് തടാകമാണ് പദ്ധതിയുടെ ജലസ്രോതസ്. ഇവിടെ 6 മീറ്റര്‍ വ്യാസമുള്ള കിണര്‍ നിര്‍മ്മാണം 75 ശതമാനം പൂര്‍ത്തിയായി. കോഴിപ്പള്ളി (രണ്ട് ജലസംഭരണികള്‍), തുമ്പിച്ചി, വഴിക്കിണര്‍, തടിയനാല്‍, കരിപ്പലങ്ങാട്, ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് സമീപം, പോത്തുമറ്റം, നാടുകാണി വ്യൂ പോയിന്റ് എന്നിവിടങ്ങളിലെ ടാങ്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  പുരോഗമിക്കുകയാണ്.  8987.5 മീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് അറക്കുളത്ത് 90 കണക്ഷനുകളും വെള്ളിയാമറ്റത്ത് 316 കണക്ഷനുകളും ഉള്‍പ്പെടെ മൊത്തം 406 കണക്ഷനുകള്‍ ഇതിനകം നല്‍കി കഴിഞ്ഞു.


ലോ ലെവല്‍ സോണ്‍ പദ്ധതി: 3050 വീടുകളില്‍ കണക്ഷന്‍

അറക്കുളം ഗ്രാമപഞ്ചായത്തിലെ 3050 വീടുകളില്‍ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്നതിനായി 54.55 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. തൊടുപുഴയാറിലെ കാഞ്ഞാര്‍ പ്രദശമാണ് പദ്ധതിയുടെ ജലസ്രോതസ്. പദ്ധതിക്കായി 6 മീറ്റര്‍ വ്യാസമുള്ള കിണര്‍ കാഞ്ഞാര്‍ പന്ത്രണ്ടാം മൈലിന് സമീപം നിര്‍മ്മാണം പൂര്‍ത്തിയാക്കി.  35 ലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ശുദ്ധീകരണ ശാല പന്ത്രണ്ടാം മൈലിലാണ് നിര്‍മ്മിക്കുന്നത്.


ശുദ്ധീകരിച്ച ജലം എട്ട് ടാങ്കുകളിലേക്ക് എത്തിക്കുകയും 73060 മീറ്റര്‍ ദൂരത്തിലുള്ള വിതരണ ശൃംഖലയിലൂടെ 3050 ഗാര്‍ഹിക കുടിവെളള കണക്ഷനുകള്‍ നല്‍കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 17692.3 മീറ്റര്‍ നീളത്തില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് 377 കണക്ഷനുകള്‍ നല്‍കി കഴിഞ്ഞു.