ഇടുക്കി ജില്ലാതല പട്ടയമേള സംഘടിപ്പിച്ചു ; 554 പട്ടയങ്ങള്‍ വിതരണം ചെയ്തു

post

ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 7964 പട്ടയങ്ങള്‍

പട്ടയവിതരണത്തില്‍ അഭിമാനകരമായ മുന്നേറ്റം: മന്ത്രി കെ.രാജന്‍

'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പട്ടയവിതരണത്തിന്റെ ഉദ്ഘാടനം റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിർവഹിച്ചു.പട്ടയവിതരണത്തില്‍ സര്‍ക്കാര്‍ അഭിമാനകരമായ മുന്നേറ്റമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു .

കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വേഗത്തിലാണ് പട്ടയ മിഷന്‍ മുന്നോട്ട് പോകുന്നത്. റവന്യൂ വകുപ്പിന്റെ ചരിത്രത്തില്‍ നവാനുഭവം സൃഷ്ടിച്ച മിഷനാണ് ഇത്. 2031-ല്‍ കേരളത്തിന് 75-ാം വയസ് പൂര്‍ത്തിയാകുമ്പോള്‍, ഭൂവിഷയങ്ങളില്‍ തര്‍ക്കരഹിതമായ ഒരു സംസ്ഥാനം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തുടനീളം നടന്ന പട്ടയമേളയുടെ ഭാഗമായി 10,002 പുതിയ പട്ടയങ്ങള്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. ഇത്രയും കുടുംബങ്ങള്‍ ഇന്ന് ഭൂമിയുടെ അവകാശികളായി മാറി. ഇതിനകം 2,33,947 കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കാന്‍ സാധിച്ചു.

ഭൂമി പതിവ് നിയമവുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡേര്‍ഡ് ഓഫ് ഓപ്പറേഷന്‍ പ്രൊസീജ്യര്‍ അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. ഭൂമി ക്രമവല്‍ക്കരണ നടപടികള്‍ നവംബറില്‍ തന്നെ ആരംഭിക്കും. 532 വില്ലേജുകളില്‍ ഇതിനകം ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായി. റീസര്‍വേ പൂര്‍ത്തിയായ പഞ്ചായത്തുകളില്‍ ഭൂമിയുടെ ക്രയവിക്രയം ഇനി ആധാരം മാത്രം കാണിച്ച് നടത്താന്‍ കഴിയില്ല. റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ എന്നീ വകുപ്പുകളുടെ പോര്‍ട്ടലുകള്‍ ബന്ധിപ്പിച്ച 'എന്റെ ഭൂമി' എന്ന ഒറ്റ പോര്‍ട്ടല്‍ വഴി എല്ലാ നടപടികളും പൂര്‍ത്തിയാകും. ഇതോടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു.

എല്ലാവിധ സേവനങ്ങളും ഡിജിറ്റലാക്കി കണ്‍ക്ലൂസീവ് ടൈറ്റിലിലേക്ക് കേരളം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി സംബന്ധമായ വിവങ്ങള്‍ക്കായി ഒരു സെന്‍ട്രലൈസ്ഡ് ഡാറ്റാബേസ് സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അതിന്റെ ഭാഗമായി നാല് ലക്ഷത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്തതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകുകയാണ്. പതിനായിരത്തിലധികം പട്ടയങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഇടുക്കിയില്‍ നല്‍കാന്‍ കഴിയും. ഭൂപതിവ് ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ വികസനത്തില്‍ ജില്ല വലിയ വളര്‍ച്ച കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.  

സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ആറാമത് പട്ടയമേളയാണ് വാഴത്തോപ്പ് സെന്റ്. ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍  നടന്നത് . ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഇടുക്കി ജില്ലയില്‍ ഇതുവരെ 7964 പട്ടയങ്ങള്‍ വിതരണം ചെയ്തു. ജില്ലയിലെ ഭൂമി പതിവ് ഓഫീസുകളില്‍ നിന്നും സംസ്ഥാനതല പട്ടയം മിഷന്റെ ഭാഗമായി 554 പട്ടയങ്ങളാണ് ഇന്നലെ നടന്ന പട്ടയമേളയില്‍ വിതരണം ചെയ്തത്.

ഡീന്‍ കുര്യാക്കോസ് എം.പി, അഡ്വ. എ. രാജ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍, എ.ഡി. എം ഷൈജു.പി ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍ അതുല്‍ സ്വാമിനാഥന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ   സി.വി വര്‍ഗീസ്, കെ. സലിംകുമാര്‍, ജോസ് പാലത്തിനാല്‍, അനില്‍ കൂവപ്ലാക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം:  സരസ്വതിയ്ക്കും രാജാമണിയ്ക്കും സ്വന്തം ഭൂമിയില്‍ ഇനി വീട് വയ്ക്കാം



നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇടുക്കി കുറ്റിയാര്‍വാലി സ്വദേശികളായ സരസ്വതിയ്ക്കും ഭര്‍ത്താവ് പി.രാജാമണിയ്ക്കും പട്ടയം ലഭിച്ചത്. ഇനി സ്വന്തം ഭൂമില്‍ വീട് വെയ്ക്കാം എന്ന സന്തോഷത്തിലാണ് ഇരുവരും. ദേവികുളം താലൂക്കില്‍ കുറ്റിയാര്‍വാലിയിലുള്ള ഗുഡാര്‍മല എസ്റ്റേറ്റിലെ കൂലിപ്പണിക്കാരാണ് ഇവര്‍. ഭൂമിക്ക് പട്ടയം ഇല്ലാത്തതുകൊണ്ട് വീട് വയ്ക്കാന്‍ സാധിക്കാത്തത്  ജീവിതത്തിലെ വലിയ വിഷമമായിരുന്നു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.

2009 മുതല്‍ പട്ടയത്തിനായി ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടുണ്ടെന്നും 2023 ല്‍ നല്‍കിയ അപേക്ഷയിലാണ് തങ്ങള്‍ക്ക്  ഇത്തവണത്തെ പട്ടയ വിതരണത്തില്‍ പട്ടയം ലഭിച്ചതെന്നും പി.രാജാമണി പറഞ്ഞു. പിണറായി

സര്‍ക്കാര്‍ പട്ടയം നല്‍കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതില്‍ സര്‍ക്കാരിനോട് ഏറെ നന്ദി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേവികുളം താലൂക്കില്‍ 58 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണം ചെയ്തത്. താലൂക്കിലെ ഏഴ് ഉന്നതികളില്‍ വനാവകാശ രേഖയും വിതരണം ചെയ്തു. കുറ്റിയാര്‍വാലി വില്ലേജില്‍ നെറ്റിക്കുടി എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലെ രാജശേഖരനും ഭാര്യ ധനവും പുതുക്കാട് ഡിവിഷനിലെ ലക്ഷ്മി രാജനും മേളയില്‍ ജലവിഭവ വകുപ്പ് മന്ത്രിയില്‍ റോഷി അഗസ്റ്റിനില്‍ നിന്ന് പട്ടയം ഏറ്റുവാങ്ങി.