ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 7964 പട്ടയങ്ങള്‍

post

പട്ടയമേളയില്‍ നല്‍കിയത് 554 പട്ടയങ്ങള്‍

നാളുകളായി പട്ടയം ലഭിക്കാതെയിരുന്ന പൈനാവ് പളിയകുടിയിലെ 19 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിലെ തടസം പരിഹരിച്ച് പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രാജീവ് ദശലക്ഷം പദ്ധതിയില്‍ ഹൗസിംഗ് ബോര്‍ഡ് ഭവനപദ്ധതി നടപ്പാക്കിയ ഗുണഭോക്താക്കളില്‍ ഇതുവരെയും രേഖ നല്‍കാതിരുന്ന ഉപ്പുതറ, കുമളി വില്ലേജുകളിലെ 94 കുടുംബങ്ങള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പട്ടയം നല്‍കി.

നിയമതടസങ്ങള്‍ മൂലം പട്ടയം ലഭിക്കാതിരുന്ന തൊടുപുഴ നഗരത്തിലെ ബംഗ്ലാംകുന്ന് പ്രദേശത്തെ 14 കുടുംബങ്ങള്‍ക്ക് തടസങ്ങള്‍ പരിഹരിച്ച് പട്ടയം നല്‍കി. ദേവികുളം താലൂക്കിലെ പ്ലാമല, കുടകല്ല്, മാങ്ങാപ്പാറ, ഞാവല്‍പാറ, മൂത്താശ്ശേരി, ഒഴുവത്തടം, ഒള്ളവയല്‍, പറയാമല, മൂഴിക്കല്‍ എന്നീ ഏഴ് ഉന്നതികളിലെ നിവാസികള്‍ക്ക് വനാവകാശരേഖ പട്ടയമേളയില്‍ വിതരണം ചെയ്തു. കുറ്റിയാര്‍വാലി ഭൂമി വിതരണത്തിലുള്ള സാങ്കേതിക തടസങ്ങള്‍ പരിഹരിച്ചുവരുന്നതും ശേഷിക്കുന്ന ഗുണഭോക്താക്കള്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. ഈ പട്ടയമേളയില്‍ 58 ഗുണഭോക്താക്കള്‍ക്കാണ് പട്ടയം വിതരണം ചെയ്തത്.

മാങ്കുളം മിച്ചഭൂമി വിതരണത്തിലെ തടസങ്ങള്‍ നീക്കി മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പട്ടയം അനുവദിക്കുന്നതിന് പ്ലോട്ടുകള്‍ തിട്ടപ്പെടുത്തുന്നതിനുള്ള സര്‍വെ നടപടികള്‍ പുരോഗമിക്കുകയാണ്.

വനം വകുപ്പിന്റെ ജണ്ടയ്ക്ക് പുറത്തുള്ള കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതിന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തടസങ്ങളില്ലാതെ ഭൂപതിവ് നടപടികള്‍ തുടരുന്നതിന് ഉത്തരവ് ഭേദഗതി വരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂര്‍,വെള്ളിയാമറ്റം, അറക്കുളം, വണ്ണപ്പുറം എന്നിവിടങ്ങളിലെ സെറ്റില്‍മെന്റ് പ്രദേശങ്ങള്‍ കൂടാതെ ഇടുക്കി താലൂക്കിലെ ഇടുക്കി കഞ്ഞിക്കുഴി വില്ലേജുകളിലെ പതിവ് നടപടികള്‍ പുനരാരംഭിച്ചിട്ടുണ്ട്. കട്ടപ്പന ടൗണ്‍ഷിപ്പിലെ കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കുന്ന വിഷയത്തില്‍ ഫീല്‍ഡ് സര്‍വെ നടപടികള്‍ പൂര്‍ത്തികരിച്ച് പട്ടയം അനുവദിക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ സജീവ പരിഗണയിലിരിക്കുന്നതാണ്. കാലങ്ങളായി പട്ടയവിഷയത്തില്‍ തീരുമാനമാകാതെ കിടന്ന ഇടുക്കി പദ്ധതി 3 ചെയിന്‍, ചെങ്കുളം ഡാം, 10 ചെയിന്‍, കല്ലാര്‍കുട്ടി ഡാം 10 ചെയിന്‍ എന്നീ പദ്ധതി പ്രദേശങ്ങളിലെ പട്ടയവിഷയം സര്‍ക്കാര്‍ പരിഗണിക്കുകയും സംസ്ഥാനതല പട്ടയം മിഷന്റെ ഭാഗമായി കൈവശങ്ങളുടെ സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ച് പട്ടയം അനുവദിക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്.

ചെറുതോണി ഗാന്ധിനഗര്‍, കാഞ്ചിയാര്‍ തേക്ക് പ്ലാന്റേഷന്‍, കാഞ്ചിയാര്‍ പാറപുറംപോക്ക് കണ്ടള സാന്തോസ് ഉന്നതി തുടങ്ങിയിടങ്ങളിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന തല പട്ടയം മിഷന്റെ ഭാഗമായി കൈവശങ്ങളുടെ സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ച് പട്ടയം അനുവദിക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്.

ചിന്നക്കനാല്‍ വില്ലേജില്‍ തടസ്സപ്പെട്ട് കിടന്ന ഭൂമി പതിവ് നടപടികള്‍ പുനരാരംഭിച്ചു. ആദ്യഘട്ടമായി വീട് വച്ച് താമസിച്ചുവരുന്ന തദ്ദേശീയരായ കൈവശക്കാര്‍ക്ക് മുന്‍ഗണന നല്കുന്നതിനു ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാലങ്ങളായി പട്ടയം അനുവദിക്കുന്നത് തടസ്സപ്പെട്ടുകിടന്ന പൊന്‍മുടി ഡാമിന്റെ 10 ചെയിന് പുറത്തുള്ള കൈവശക്കാര്‍ക്ക് പട്ടയം മിഷന്റെ ഭാഗമായി പട്ടയം അനുവദിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ പ്രദേശത്തെ കൈവശക്കാരുടെ ഭൂമി സര്‍വെ പൂര്‍ത്തീകരിച്ച് റെക്കോഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലെ വില്ലേജുകളില്‍ റീസര്‍വെ റിക്കാര്‍ഡുകള്‍ നടപ്പാക്കി ഭൂരേഖകളുടെ കൃത്യത ഉറപ്പുവരുന്നതിന് ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ അതിവേഗം പുരോഗമിച്ചുവരികയാണ്. ജില്ലയില്‍ ഡിജിറ്റല്‍ സര്‍വ്വേയുടെ ഒന്നാം ഘട്ടത്തില്‍ 13 വില്ലേജുകളും രണ്ടാം ഘട്ടത്തില്‍ 11 വില്ലേജുകളും മൂന്നാംഘട്ടത്തില്‍ 11 വില്ലേജുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3 വില്ലേജുകള്‍ നടപടി പൂര്‍ത്തീകരിച്ച് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. ചതുരംഗപ്പാറ വില്ലേജിലെ ഡിജിറ്റല്‍ സര്‍വെ അന്തിമമാക്കിയിട്ടുള്ളതും ശേഷിക്കുന്ന വില്ലേജുകളിലെ സര്‍വെ നടപടികള്‍ പുരോഗമിച്ചുവരികയുമാണ്.

ജില്ലയിലെ എല്ലാ ഭൂമി പ്രശ്‌നങ്ങളും ഘട്ടം ഘട്ടമായി പരിഹരിക്കുന്നതിനുള്ള സമഗ്ര നടപടികള്‍ പട്ടയം മിഷന്റെ ഭാഗമായി സംസഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സങ്കീര്‍ണ്ണമായ വിവിധ ഭൂമി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ജില്ല എന്ന നിലയില്‍ പ്രത്യേക പരിഗണന നല്കി നിയമാനുസൃതമായ ഭൂമി പതിവ് നടപടികളുടെ കൃത്യത ഉറപ്പുവരുത്തിക്കൊണ്ട് യോഗ്യമായ കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള സത്വരനടപടികള്‍ തുടര്‍ന്നുവരികയാണ്.