അടിമാലി മണ്ണിടിച്ചിൽ; 29 കുടുംബങ്ങളെ പുനരധിവസിപ്പിക്കും

post

ഇൻഷുറൻസ് തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും

അടിമാലിയിലെ മണ്ണിടിച്ചിലിനെ തുടർന്ന് അപകടസാധ്യതയുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ 29 വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ പ്രകാരമുള്ള തുക നൽകി പുനരധിവസിപ്പിക്കാൻ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എംഎം മണി, എ. രാജ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

അപകടസാധ്യതാമേഖലയിലുള്ള വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഈ തുക ലഭ്യമാക്കി അവർക്ക് വീടും സ്ഥലവും നൽകി പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ഇൻഷുറൻസ് തുക ലഭ്യമാക്കേണ്ടത് ദേശീയ പാത അതോറിറ്റിയാണ്. ഇൻഷുറൻസ് തുക കുറഞ്ഞുപോയാൽ ബാക്കി തുകയും അതോറിറ്റി നൽകണം.

ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതുവരെ വാടകയ്ക്ക് വീട് ലഭ്യമാക്കും. വാടക തുകയും എൻഎച്ച്എഐ വഹിക്കും. കൂടാതെ അപകടത്തിൽ മരിച്ച ബിജുവിന്റെ മകൾക്ക് സാമ്പത്തിക സഹായവും അതോറിറ്റി നൽകും. ക്യാമ്പിൽ കഴിയുന്നവർക്ക് സഹായധനം നൽകാനും തീരുമാനമായി.


ഇൻഷുറൻസ് ലഭിക്കുന്ന തുക ഭൂമി വാങ്ങുന്നതിനും വീട് വെക്കുന്നതിനും മാത്രമേ ഉപയോഗപ്പെടുത്താവൂ എന്ന് നിശ്ചയിച്ചിട്ടുണ്ട്. ഇതിനായി പഞ്ചായത്ത്, വില്ലേജ്, ഗുണഭോക്താവ്, എൻഎച്ച്എഐ എന്നിവർ ചേർന്ന് സംയുക്ത കരാറിലേർപ്പെടും.

ദുരിതബാധിതരായി കണ്ടെത്തിയ 29 വീടുകൾക്കാണ് സഹായം ലഭ്യമാക്കുക. ഇവർക്കുള്ള വീടും സ്ഥലവും കണ്ടെത്തുന്നതിന് പഞ്ചായത്ത് മേൽനോട്ടം വഹിക്കും. നിലവിൽ ക്യാമ്പിലുളള 25 കുടുംബങ്ങളുടെ വീടുകൾക്ക് അപകടഭീഷണിയില്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ അവർക്ക് ക്യാമ്പിൽ നിന്ന് മടങ്ങാവുന്നതാണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് സംരക്ഷണ ഭിത്തി കെട്ടുന്നതിന് ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കും.

എൻഎച്ച്, പിഡബ്ല്യുഡി, എൽഎസ്ജിഡി, ദുരന്തനിവാരണ സേന, ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകൾ എന്നിവരുടെ സംഘമാണ് വിദഗ്ധ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ശാസ്ത്രീയമായ ആസൂത്രണമില്ലാതെയുള്ള നിർമ്മാണ പ്രവർത്തനമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.

സബ് കളക്ടർമാരായ അനൂപ് ഗാർഗ്, വിഎം ആര്യ, എസ്പി സാബു മാത്യു കെ.എം, അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, വാർഡ് അംഗം ടി.എസ്. സിദ്ദിഖ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.