മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതിയും അംബേദ്കര്‍ നഗര്‍ സാംസ്‌കാരിക നിലയവും ഉദ്ഘാടനം ചെയ്തു
നാടിന്റെ ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ത്ഥ്യമായി : മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി, അംബേദ്കര്‍ നഗര്‍ സാംസ്‌കാരിക നിലയം എന്നിവയുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറയനാലി എന്‍എസ്എസ് കരയോഗ അങ്കണത്തില്‍ നിർവഹിച്ചു.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഐമാലി വെസ്റ്റിലെ മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായത് നാടിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
റോഡ്, സ്‌കൂള്‍ , ആശുപത്രി തുടങ്ങി മേഖലയിലെല്ലാം വികസനം വന്നു. ദീര്‍ഘകാലമായുളള കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ 45 ലക്ഷത്തിലധികം രൂപ വിനിയോഗിച്ച് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കി.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022- 23 വാര്‍ഷിക പദ്ധതി ഉള്‍പ്പെടുത്തി 45.70 ലക്ഷം രൂപ വിനിയോഗിച്ചാണ് മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി നടപ്പാക്കിയത്. 2024-25, 2025-26 വാര്‍ഷിക പദ്ധതിയില്‍ 18 ലക്ഷം രൂപ വിനിയോഗിച്ചാണ് അംബേദ്കര്‍ നഗര്‍ സാംസ്‌കാരിക നിലയം നിര്‍മിച്ചത്.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ കുടിവെള്ള പദ്ധതിക്കായി സ്ഥലം സൗജന്യമായി നല്‍കിയ മുളമൂട്ടില്‍ ശൈലാ കുമാരി ടീച്ചറിനെ മന്ത്രി വീണാ ജോര്‍ജ് ആദരിച്ചു.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, അംഗം സുജാത, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ, അംഗങ്ങളായ വി ജി ശ്രീവിദ്യ, പി വി അന്നമ്മ, ബിഡിഒ ആര്‍എസ് അനില്‍കുമാര്‍, ഗുണഭോക്തൃ സമിതി കണ്‍വീനര്‍ എസ് മണി, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










