പത്തനംതിട്ട ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് 10002 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികള്‍: മന്ത്രി കെ രാജന്
പത്തനംതിട്ട ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം തിരുവല്ല വി ജി എം ഹാളില്‍ റവന്യു വകുപ്പ് മന്ത്രി കെ രാജന് ഓണ്‍ലൈനായി നിർവഹിച്ചു.സംസ്ഥാനത്ത് 10002 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശിയതായി മന്ത്രി പറഞ്ഞു .ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി.
എല്ലാവര്ക്കും ഭൂമി നല്‍കാനായി ആരംഭിച്ച പട്ടയമിഷന് സംസ്ഥാന ചരിത്രത്തിലെ നവാനുഭവമാണ്. നാലര വര്‍ഷ കാലയളവിനുള്ളില്‍ 233947 കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 413000 പട്ടയം വിതരണം ചെയ്തു. അതിദരിദ്ര്യരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി. 2031 ല്‍ തര്‍ക്ക രഹിത ഭൂമിയുള്ള കേരളത്തെ സൃഷ്ടിക്കും. ലോകത്തിനു മാതൃകയാണ് ഡിജിറ്റല്‍ സര്‍വേ. ആദ്യഘട്ടത്തില്‍ 532 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് 27 ലക്ഷം ഹെക്ടര്‍ ഭൂമി ഉപയോക്തമാണ്. ഇതില്‍ എട്ടര ലക്ഷം ഹെക്ടര്‍ ഭൂമി രണ്ടു വര്‍ഷം കൊണ്ട് അളന്ന് 65 ലക്ഷം ലാന്‍ഡ് പാഴ്സലുകളിലൂടെ അളവ് പൂര്‍ത്തിയാക്കി. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കിയ എല്ലാ വില്ലേജുകളിലും ഭൂമിയുടെ ക്രയവിക്രയങ്ങള്‍ പരിഹരിക്കാന്‍ ഒരു സര്‍വേയറും ഒരു ആര് ടി കെ റോവര്‍ മെഷീനും അധികമായി നല്‍കും.
ഭൂമിയുടെ കൃത്യത ആധികാരികമായി ഉറപ്പുവരുത്താന്‍ കേന്ദ്രീകൃത ലാന്‍ഡ് ഡേറ്റ ഡേയ്സ് കേരളം രൂപീകരിക്കും. ഭൂമി സംബന്ധമായ എല്ലാ രേഖകളും ഓണ്‍ലൈനില്‍ ലഭിക്കാന്‍ സെന്‍ട്രലൈസ്ഡ് ഡേറ്റ ബാങ്ക് രൂപീകരിച്ചു. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കുന്ന വില്ലേജുകളില്‍ കാലതാമസം ഇല്ലാതെ നടപ്പാക്കുന്ന കേന്ദ്രീകൃത ലാന്‍ഡ് ഡേറ്റാ ബാങ്ക് പഞ്ചായത്ത് / വില്ലേജുകളിലെ കിയോസ്കുകളിലൂടെ ലളിതമായ രീതിയില്‍ ഭൂമിയുടെ രേഖ ലഭ്യമാക്കും. ഇതിന്റെ ഭാഗമായുള്ള പൈലറ്റ് പ്രോജക്ട് തൃശ്ശൂര്‍ ജില്ലയിലാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നവംബര്‍ ഒന്ന് മുതല്‍ അതി ദരിദ്ര്യര്‍ ഇല്ലാത്ത സംസ്ഥാനത്തിനു പുറമെ 60 വയസിനു മുകളിലുള്ള 62 ലക്ഷം ജനങ്ങള്‍ക്കും 2000 രൂപ ക്ഷേമ പെന്ഷന് ലഭ്യമാക്കും. എ എ വൈ കാര്‍ഡുള്ള 35 നും 60 നും ഇടയില്‍ പ്രായുള്ള എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപയും ആശാവര്‍ക്കര്‍, അങ്കണവാടി ജീവനക്കാര്‍ക്ക് 1000 രൂപ ശമ്പള വര്‍ധനവും നല്‍കും. എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ , എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്ന ആശയത്തിന് പട്ടയമേള കൂടുതല്‍ കരുത്ത് പകരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അര്‍ഹരായ ഭൂരഹിതര്‍ക്ക് പട്ടയം സമയബന്ധിതമായി നല്‍കുക എന്ന ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 2022 മുതല്‍ 2024 വരെ 1113 പട്ടയം ജില്ലയില്‍ വിതരണം ചെയ്തു. 2025 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ജില്ലാതല പട്ടയമേളയില്‍ 258 പട്ടയങ്ങളും 49 വനവകാശ രേഖകളും വിതരണം ചെയ്തു. ജനപക്ഷത്തു നിന്ന് ഫയലുകളില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
തിരുവല്ലയില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ 24 പട്ടയങ്ങള്‍ വിതരണം ചെയ്തു. കോന്നി, ആറന്മുള മണ്ഡലങ്ങളില്‍ ഒന്നു വീതവും തിരുവല്ലയില്‍ 13 എല്‍ എ പട്ടയങ്ങളും ഒമ്പത് എല്‍റ്റി പട്ടയങ്ങളും വിതരണം ചെയ്തു. മല്ലപ്പള്ളി താലൂക്കിലെ കമലമ്മ, പെണ്ണമ്മ, അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ട തിരുവല്ല താലൂക്കിലെ രമയമ്മ എന്നിവര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് പട്ടയം നല്കി. തിരുവല്ല, മല്ലപ്പള്ളി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ പട്ടയ വിതരണം മാത്യു ടി തോമസ് എംഎല്‍എയും നിര്‍വഹിച്ചു.
തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ്, എഡിഎം ബി ജ്യോതി, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










