സമ്പൂര്‍ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണം നടത്തിയ ആദ്യ ജില്ലയായി പത്തനംതിട്ട

post

ഓണ്‍ലൈന്‍ പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളില്‍ സമ്പൂര്‍ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണം നടത്തിയ ആദ്യ ജില്ലയായി പത്തനംതിട്ടയെ പ്രഖ്യാപിച്ച് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വ്യക്തികളുടെ സ്വകാര്യത സൂക്ഷിച്ച് രക്ഷിതാക്കളും കുട്ടികളും നേരിടുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് 2022-23 ല്‍ സംസ്ഥാനത്ത് 152 പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നു. സ്വകാര്യത സംരക്ഷിക്കുന്നതിലെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ഓണ്‍ലൈന്‍ പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.

കുട്ടികളുടെ ശാരീരിക,മാനസിക,ആരോഗ്യ വികാസത്തിന് സ്‌കൂള്‍ ആരോഗ്യ പരിപാടി വീണ്ടും ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ്,വനിത ശിശുവികസന വകുപ്പ്,തദ്ദേശ സ്വയംഭരണ വകുപ്പ്, എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. എല്ലാ കുട്ടികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കും. കുട്ടികളുടെ കഴിവ്, പെരുമാറ്റം എന്നിവ മനസിലാക്കി ഇടപെടല്‍ നടത്തുന്നതിന് ഇതിലൂടെ സാധിക്കും.

മാതാപിതാക്കളും കുട്ടികളും തമ്മില്‍ ആരോഗ്യകരമായ ആശയവിനിമയം ഉണ്ടാകുന്നതിന് രക്ഷിതാക്കള്‍ സമയം കണ്ടെത്തണം. കുട്ടികളെ കേള്‍ക്കാനും ചേര്‍ത്ത് പിടിക്കാനും രക്ഷിതാക്കളും അധ്യാപകരും ഉണ്ട്. കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ 1098 ലേക്ക് വിളിച്ചറിയിക്കാം.

ജീവിത സാഹചര്യം മാറിയ അവസരത്തില്‍ അടുത്ത തലമുറയെ മനസിലാക്കേണ്ടത് വലിയ ഉത്തരവാദിത്വമാണ്. ഈ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത രക്ഷാകര്‍തൃ ശാക്തീകരണം പദ്ധതിക്ക് പ്രസക്തിയുണ്ട്. 'കരുതലാകാം കരുത്തോടെ' എന്ന ആപ്ത വാക്യത്തോടെ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചതിലൂടെ ഉത്തരവാദിത്വം സംബന്ധിച്ച അറിവും ആത്മവിശ്വാസവും ലഭിച്ചു.

പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിലെ നോഡല്‍ അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകം പ്രകാശനം മന്ത്രി നിര്‍വഹിച്ചു. പദ്ധതിയുടെ ലോഗോ തയ്യാറാക്കിയ വിദ്യാര്‍ഥിനി അനന്യ ബി നായര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.

വരുന്ന തലമുറയെ നേരായ പാതയില്‍ നയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി വിജയത്തിലെത്തിയെന്ന് അധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച സമ്പൂര്‍ണ രക്ഷാകര്‍തൃ ശാക്തീകരണ പദ്ധതിയാണ് 'കരുതലാകാം കരുത്തോടെ'. കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളില്‍ രക്ഷിതാക്കളുടെ ആശങ്കയെ ശരിയായ അറിവുകൊണ്ട് മറികടക്കുകയാണ് ലക്ഷ്യം. കരുതല്‍ എന്നതിനപ്പുറം, ശാസ്ത്രീയമായ അറിവിന്റെയും തിരിച്ചറിവിന്റെയും കരുത്തോടെ കുട്ടികളെ സമീപിക്കാന്‍ രക്ഷകര്‍ത്താക്കളെ പ്രാപ്തരാക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍.അജയകുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍പിള്ള, ബ്ലോക്ക് അംഗം എന്‍ എസ് രാജീവ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.ആര്‍ അനില, വിദ്യാകിരണം ജില്ല കോര്‍ഡിനേറ്റര്‍ എ കെ പ്രകാശ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.