പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു
വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കല്‍ (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍-എസ്ഐആര്‍) ജില്ലയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം കോഴിക്കോട് ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്നു. പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വിവിധ പാര്‍ട്ടികളുടെ സംശയനിവാരണം നടന്നു. എസ്ഐആറിൻ്റെ സുഗമമായ നടത്തിപ്പിനായി രാഷ്ട്രീയപ്പാര്‍ട്ടികളുടെ സജീവ പങ്കാളിത്തവും സഹകരണവും ജില്ല കളക്ടര്‍ ആവശ്യപ്പെട്ടു.
എസ്ഐആറിൻ്റെ പരിശീലന പ്രവര്‍ത്തനങ്ങള്‍ ജില്ലയിൽ പൂർത്തിയായി. വിട് വീടാന്തരമുള്ള വിവര ശേഖരണ ഘട്ടം (എന്യുമെറേഷന് ഫോം വിതരണം - ശേഖരണം) നവംബര്‍ നാലു മുതല്‍ ഡിസംബര്‍ നാലു വരെ നടക്കും. കരട് വോട്ടര്‍പ്പട്ടിക ഡിസംബര്‍ ഒന്പതിനു പ്രസിദ്ധീകരിക്കും. ഇതിന്മേലുള്ള ഹിയറിങ്ങും പരിശോധനയും ഡിസംബര്‍ ഒന്‍പതു മുതല്‍ 2026 ജനുവരി 31 വരെ നടക്കും. അന്തിമ വോട്ടര്‍പ്പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. 2025 ഒക്ടോബര്‍ 27-ന് നിലവിലുണ്ടായിരുന്ന വോട്ടര്‍പ്പട്ടിക പ്രകാരമുള്ള എല്ലാ വോട്ടര്‍മാര്‍ക്കും എന്യുമെറേഷന് ഫോം കൈമാറും.
അര്‍ഹരായ സമ്മതിദായകര്‍ മാത്രം ഉള്‍പ്പെട്ട, അനര്‍ഹരായ വ്യക്തികള്‍ ആരുമില്ലാത്ത ഏറ്റവും ശുദ്ധമായ സമ്മതിദായകപ്പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായായാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം-2025 നടത്തുന്നത്.
യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ. എസ് മോഹനപ്രിയ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍, ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.










