ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം പ്രകാശനം ചെയ്തു

post

വികസനത്തിനൊപ്പം ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രാധാന്യം നല്‍കും : മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട് വടകര നഗരസഭയുടെ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രകാശനം ചെയ്തു.

വികസനത്തിനൊപ്പം ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്ന നിലപാടാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ജൈവവൈവിധ്യ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കാതെയുള്ള മനുഷ്യന്റെ അമിത ഇടപെടല്‍ ആവാസ വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തില്‍ മനുഷ്യന്‍ കാണിക്കുന്ന അലംഭാവമാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. ദിലീപ് മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു.

വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ പി കെ സതീശന്‍ മാസ്റ്റര്‍, സ്ഥിരംസമിതി അധ്യക്ഷരായ എ പി പ്രജിത, സിന്ധു പ്രേമന്‍, രാജിത പതേരി, കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍മാരായ എന്‍ കെ പ്രഭാകരന്‍, കെ കെ വനജ, സെക്രട്ടറി ഡി വി സനല്‍കുമാര്‍, ബയോ ഡൈവേഴ്‌സിറ്റി കണ്‍വീനര്‍ രാജേഷ് ഗുരുക്കള്‍, ഹരിത കേരളം മിഷന്‍ ബ്ലോക്ക് കോഓഡിനേറ്റര്‍ പി ഷംന, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിവേക് എന്നിവര്‍ സംസാരിച്ചു.