ടൈപ്പ്-1 പ്രമേഹം നേരിടുന്ന കുട്ടികൾക്ക് സൗഖ്യ പദ്ധതി;അധ്യാപക പരിശീലനവും സിജിഎം വിതരണവും സംഘടിപ്പിച്ചു

post

ടൈപ്പ്-1 പ്രമേഹം നേരിടുന്ന കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച 'സൗഖ്യ' പദ്ധതിയുടെ ഭാഗമായി ടൈപ്പ്-1 പ്രമേഹക്കാരായ കുട്ടികൾക്ക് പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകി. പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ഗവാസ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സിജിഎം (കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിൽ സിസ്റ്റം) വിതരണം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. 

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്ര (ഡയറ്റ്) ത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവരശേഖരണത്തിലൂടെ കണ്ടെത്തിയ 40 കുട്ടികൾക്കാണ് സിജിഎം ഉപകരണം വിതരണം ചെയ്തത്. ഒന്നിന് 4000 രൂപ വില വരുന്ന ഉപകരണം സൗജന്യമായാണ് വിദ്യാർഥികൾക്ക് നൽകിയത്. പ്രമേഹം നേരിടുന്നതിനായി ഭക്ഷണ ശീലങ്ങൾ സ്വയം ക്രമീകരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്ന സിജിഎം സംവിധാനം ശരീരത്തിൽ ഘടിപ്പിക്കുന്നത് വഴി ഓരോ സമയത്തെയും ഷുഗർ നില മൊബൈൽ ഫോണിലൂടെ കുട്ടിയ്ക്കും രക്ഷിതാവിനും ക്ലാസ്റ്റ് ടീച്ചർക്കും കാണാനാകും. കുട്ടികൾക്കാവശ്യമായ നിർദ്ദേശം നൽകാനും അതുവഴി അവരുടെ പരിരക്ഷ ഉറപ്പാക്കാനും കഴിയുന്ന ഉപകരണമാണിത്.

ടൈപ്പ് -1 കുട്ടികളുടെ ചികിത്സയും മാനസിക സാമൂഹ്യ ഘടകങ്ങളുടെ നിയന്ത്രണവും, ടൈപ്പ്-1 ദൈനംദിന പരിചരണവും പിന്തുണാ സംവിധാനങ്ങളും, കുടുംബങ്ങളുടെ ശാക്തീകരണം മാനസിക സാമൂഹ്യ പിന്തുണ, കുട്ടി പ്രമേഹക്കാർക്ക് കൂട്ടാവണം സ്‌കൂളും സമൂഹവും എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.

ചടങ്ങിൽ സാമൂഹ്യ സുരക്ഷാ മിഷൻ റീജ്യണൽ ഡയറക്ടർ പി സി സൗമ്യ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പാൾ യു കെ അബ്ദുൾ നാസർ, ജില്ലാ സമൂഹ്യ നീതി ഓഫീസർ എം അജു മോഹൻ, ഡയറ്റ് കോഴിക്കോട് സീനിയർ ലക്ചറർ സലീമുദ്ദീൻ, ടൈപ്പ്-1 രക്ഷാകർതൃ കൂട്ടായ്മ സെക്രട്ടറി അബ്ദുൽ ജലീൽ, സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോഡിനേറ്റർ എം രാജീവ് തുടങ്ങിയവർ സംസാരിച്ചു. ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.