ഒരു തൈ നടാം: ജനകീയ വൃക്ഷവൽക്കരണത്തിന് ജില്ലയിൽ തുടക്കം

post

ഓർമ്മത്തുരുത്ത് ഉദ്ഘാടനവും നടന്നു

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ ക്യാമ്പയിനിന്റെ ജില്ലാതല പ്രഖ്യാപനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയുടെ ഓര്‍മ്മക്കായുള്ള ഓര്‍മ്മത്തുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനവും നടന്നു. ജില്ലയിലെ ഒരു തൈ നടാം ക്യാമ്പയിനിലൂടെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 563947 തൈകൾ നട്ടു. ഒരു തൈ നടാം ക്യാമ്പയിനിന്റെ പ്രഖ്യാപനവും

ഓര്‍മ്മത്തുരുത്തുകളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ നിര്‍വഹിച്ചു. ഓര്‍മ്മത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തൈകള്‍ നട്ടു. 16 വാര്‍ഡുകളില്‍ നിന്ന് പങ്കെടുത്ത മെമ്പര്‍മാര്‍ 50 ഫലവൃക്ഷ തൈകള്‍ നട്ട് പീരുമേട് ഗ്രാമപഞ്ചായത്തിന്റെ ഓര്‍മ്മത്തുരുത്ത് സ്ഥാപിച്ചു.

പീരുമേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍. സുകുമാരി സ്വാഗതം ആശംസിച്ചു. ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്‍ ഓര്‍മ്മത്തുരുത്ത് പദ്ധതികളുടെ വിശദീകരണം നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.അജയ് പി കൃഷ്ണ നിര്‍വഹിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് ഓര്‍മകളുടെ പച്ചത്തുരുത്തുകള്‍ നാടിന് സമര്‍പ്പിച്ച് അധികാരമൊഴിയുന്ന ലക്ഷ്യത്തോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഓര്‍മ്മത്തുരുത്തുകള്‍ സ്ഥാപിക്കുന്നത്. ഓരോ തദ്ദേശസ്ഥാപനങ്ങളും അവരുടെ ഭരണസമിതിയുടെ പേരില്‍ ഒരു ഓര്‍മത്തുരുത്ത് സ്ഥാപിച്ചാണ് ഇത് നടപ്പാക്കുന്നത്. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്തുകളുടെ മാതൃകയിലാകും ഈ ഓര്‍മത്തുരുത്തുകളും. ഒരു സെന്റ് ഭൂമിയില്‍ കുറയാത്ത ഈ ഓര്‍മ്മത്തുരുത്തില്‍ പ്രസിഡന്റും മറ്റ് വാര്‍ഡ് അംഗങ്ങളും വൃക്ഷത്തൈകള്‍ നടും. ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ള തൈകള്‍ വാങ്ങാം. പക്ഷേ ഒത്തുചേര്‍ന്നാകും നടുക. ഭരണസമിതി അംഗങ്ങളുടെ പേര്, പച്ചത്തുരുത്തിലെ വൃക്ഷത്തൈകളുടെ വിശദാംശങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഓര്‍മത്തുരുത്തിന് ഭരണസമിതിയുടെ പേരില്‍ ബോര്‍ഡും സ്ഥാപിക്കണം. ഹരിതകേരളം മിഷനാണ് ഇത്തരമൊരു വേറിട്ട ആശയം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് മുന്നില്‍വച്ചത്.

പീരുമേട് ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് സര്‍ക്കര്‍ എല്‍ പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വത്തായി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയര്‍ ശോഭന നന്ദി പറഞ്ഞു.