വികസനങ്ങള്‍ വിലയിരുത്തിയും ഭാവി വികസനങ്ങള്‍ പങ്കുവെച്ചും തൊടുപുഴ നഗരസഭ വികസന സദസ്

post

സംസ്ഥാനസര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായുള്ള വികസനസദസ് ഇടുക്കി തൊടുപുഴ നഗരസഭയില്‍ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ.ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന വികസനസദസ്സില്‍ നഗരസഭ കൗണ്‍സിലര്‍ സബീന ബിഞ്ചു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മുഹമ്മദ് അഫ്സല്‍ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ 5 വര്‍ഷത്തില്‍ തൊടുപുഴ നഗരസഭയില്‍ നടത്തിയ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു.   വികസനനേട്ടങ്ങളുടെ റിപ്പോര്‍ട്ട്  നഗരസഭ സെക്രട്ടറി  ബിജുമോന്‍ ജേക്കബ് അവതരിപ്പിച്ചു. യോഗത്തില്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, എന്നിവരെ  മെമന്റോ നല്‍കി ആദരിച്ചു.

തൊടുപുഴ നഗരസഭയില്‍ അതിദാരിദ്ര്യ നിര്‍മ്മാജനപദ്ധതി വഴി  121 അംഗങ്ങളെ ഉള്‍പ്പെടുത്തി  വിവിധ  ആനുകൂല്യങ്ങള്‍ നല്‍കി വരുന്നു. എ.എം മുഹമ്മദ് കുഞ്ഞ് ലബ്ബ സ്മാരക ഷോപ്പിംഗ് കോംപ്ലക്‌സിന്റെ എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ച് അതിനോടനുബന്ധിച്ച് ബസ് സ്റ്റാന്‍ഡ്  സജ്ജമാക്കി. അമൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി, വെല്‍നെസ്സ് സെന്ററുകള്‍, നവീകരിച്ച മുനിസിപ്പല്‍ പാര്‍ക്ക്, പുതിയ ലൈബ്രറി, കോലാനി സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍ തുടങ്ങിയവ നിര്‍മ്മിച്ചു. പിഎംഎവൈ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 889 വീടുകളുടെ  നിര്‍മ്മാണം പൂര്‍ത്തിയാക്കി. മാലിന്യസംസ്‌കരണ മേഖലയില്‍ ബയോമൈനിങ് പൂര്‍ത്തിയാക്കിയതിനു ശേഷം നഗരസഭയുടെ ജൈവമാലിന്യം സംസ്‌ക്കരിക്കുന്നതിനായിട്ടുള്ള വിന്‍ഡ്രോകമ്പോസ്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള  നടപടികള്‍ പൂര്‍ത്തികരിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീടിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടക്കുന്നു.

പൊതുജനങ്ങള്‍ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച്   സംവദിക്കുന്നതിനും അവസരമുണ്ടായിരുന്നു. തൊടുപുഴ നഗരസഭയിലെ  നഗരസഭ കെട്ടിടം നവീകരിച്ച് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം, നഗരസഭയില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കണം,  രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കണം, മലങ്കര ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം, തൊടുപുഴയുടെ  സൗന്ദര്യവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തണം  ,തൊടുപുഴയിലെ വെള്ളക്കെട്ട് രൂപപ്പെടുന്നത് തടയണം, ഓടങ്ങള്‍ ശുചീകരണം തുടങ്ങിയ ഒട്ടനവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

 യോഗത്തില്‍ കെ-സ്മാര്‍ട്ടിന്റെ ഹെല്‍പ്പ് ഡെസ്‌ക്, വിജ്ഞാനകേരളം  ജോബ് ഫെയര്‍ സെന്ററും സജ്ജമാക്കിയിരുന്നു. തൊടുപുഴ നഗരസഭ അസിസ്റ്റന്റ് സെക്രട്ടറിമാരായ  കെ.കെ ഷാജി, കെ ഇ പത്മാവതി, നഗരസഭ എഞ്ചിനീയര്‍ ജോസ് എം.പി, കുമാരമംഗലം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.എം. മുഹമ്മദ്, തൊടുപുഴ ബിഡിഒ ബിന്ദു, നഗരസഭ ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, നഗരസഭ ജീവനക്കാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.