ഉടുമ്പന്‍ചോല ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജ്: ആയുര്‍വേദ പഠന മേഖലയിലും ജില്ലയ്ക്ക് പുത്തന്‍ സാധ്യതകള്‍
 
                                                ചികിത്സാരംഗത്ത് മാത്രമല്ല ജില്ലയില്‍ ആയുര്‍വേദ ചികിത്സാപഠന മേഖലയിലും ഉടുമ്പന്‍ചോല ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജ് സാധ്യമാക്കുന്നത് വലിയ സാധ്യതകള്‍. കോളേജ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ എട്ട് സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി 100 വിദ്യാര്‍ഥികള്‍ക്കാണ് വര്‍ഷം തോറും പ്രവേശനം ലഭിക്കുക. സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്തെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജാണ് ഉടുമ്പന്‍ചോലയില്‍ യാഥാര്‍ഥ്യമാകുന്നത്.
സ്വാസ്ത്യരക്ഷണ (പ്രവന്റീവ് കെയര്‍ ആന്റ് ലൈഫ്സ്റ്റൈല്‍ മാനേജ്മെന്റ്), കായചികിത്സ (ഇന്റേണല്‍ മെഡിസിന്), ശല്യതന്ത്ര (ശസ്ത്രക്രിയ മാനേജ്മെന്റ്), ശാലക്യതന്ത്ര (നേത്രരോഗ വിഭാഗം), ശാലക്യതന്ത്ര കെ. എന്‍. എം (ഒട്ടോറിനോളറിംഗോളജി), പ്രസുതിതന്ത്ര സ്ത്രീരോഗ (ഗൈനക്കോളജി), കൗമാരഭൃത്യ (പീഡിയാട്രിക്സ്), പഞ്ചകര്‍മ്മ, വിഷചികിത്സ എന്നീ ഔട്ട്പേഷ്യന്റ് വിഭാഗങ്ങളാണ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കുക. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ആഴ്ച പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച ആയുര്‍വേദ കോളേജിന്റെ ഒ.പി വിഭാഗം അന്ന് തന്നെ സേവനം തുടങ്ങി. ആദ്യഘട്ടത്തില്‍ പ്രസുതിതന്ത്ര, ശല്യതന്ത്ര, കായ ചികിത്സ എന്നീ സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് ആരംഭിച്ചത്.

പുതിയ ആയുര്‍വേദ മെഡിക്കല്‍ കോളേജ് സ്ഥാപിച്ച് 100 വിദ്യാര്‍ഥികളുടെ പ്രവേശനം സാധ്യമാക്കുന്നതിന് നാഷണല്‍ കമ്മീഷന് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്റെ (എന്‍.സി.ഐ.എസ്.എം) അംഗീകാരത്തോടെ ആദ്യഘട്ടത്തില്‍ 50 കിടക്കകളുള്ള ആശുപത്രിയാണ് ആരംഭിക്കുന്നത്. മാട്ടുതാവളത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ താല്‍ക്കാലിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കും. ആശുപത്രി താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനും ഫര്‍ണിച്ചര്‍, ഔഷധങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും 2.19 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇടുക്കി വികസന പാക്കേജില്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് ആശുപത്രി ഒ.പി. വിഭാഗം കോംപ്ലക്സ് നിര്‍മ്മിക്കുന്നത്.
പ്ലാനിംഗ് ബോര്‍ഡ് ആയുഷ് വിഭാഗത്തിനായി രൂപീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത പരിഗണിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് 2021ല്‍ ഉടുമ്പന്‍ചോലയില്‍ മാട്ടുതാവളത്തുള്ള 20.85 ഏക്കര്‍ സ്ഥലം എം. എം. മണി എം. എല്‍.. എയുടെ നേതൃത്വത്തില്‍ കണ്ടെത്തി.
വിശാലമായ സ്ഥലത്ത് ആയുര്‍വേദ സസ്യങ്ങള്‍ കൃഷി ചെയ്യുന്നതടക്കമുള്ള പദ്ധതികള്‍ ആയുഷ് വകുപ്പിന്റെ ആലോചനയിലുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ ജില്ലയില്‍ വിദേശ സഞ്ചാരികളെയടക്കം കേരളത്തിന്റെ തനത് ചികിത്സാ വിഭാഗത്തിലേയ്ക്ക് ആകര്‍ഷിക്കാമെന്ന സാധ്യതയുമുണ്ട്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഉടുമ്പന്‍ചോലയില്‍ അയല്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്കും ചികിത്സ സാധ്യമാണ്.










