ജില്ലാ തൊഴില്‍മേള; മൂന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് ഓഫര്‍ ലെറ്റര്‍, 45 പേര്‍ക്ക് ജോലി, ചുരുക്കപട്ടികയില്‍ 235 പേര്‍

post

ഇടുക്കി ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ഇടുക്കി, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള സംഘടിപ്പിച്ചു. വികസനസദസ് സമാപനവേദിയില്‍ സംഘടിപ്പിച്ച മേളയില്‍ 3 ഉദ്യോഗാര്‍ഥികള്‍ക്ക് അന്ന് തന്നെ ഓഫര്‍ ലെറ്റര്‍ നല്‍കി കമ്പനി. 45 പേര്‍ക്ക് ജോലി ഉറപ്പായി. 235 പേര്‍ ചുരുക്കപട്ടികയിലുള്‍പ്പെട്ടു.

ചെറുതോണിയിലെ ജില്ലാ പഞ്ചായത്ത് ബസ് സ്റ്റേഷന്‍ കോംപ്ലക്സില്‍ നടന്ന മേള ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. തൊഴില്‍ദാതാക്കള്‍ ഉദ്യോഗാര്‍ഥികളെ അന്വേഷിച്ചെത്തുന്ന കാലഘട്ടമാണിതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തൊഴില്‍ ഇല്ലാത്ത ഒരു സാഹചര്യം നമ്മുടെ നാട്ടില്‍ ഇല്ല. അറിവാണ് ഏറ്റവും വലിയ ആയുധം അതുകൊണ്ട് ഉള്ള യോഗ്യതയില്‍ വിദഗ്ധരായിരിക്കുക. ജോലി നിങ്ങളെ തേടിയെത്തും. മറ്റു നാടുകളില്‍ ജോലിക്ക് പോകുന്നവരുണ്ട്, അതിന് അര്‍ത്ഥം ഇവിടെ തൊഴില്‍ ഇല്ലെന്നല്ല, മറ്റു നാടുകളില്‍ നിന്നുള്ളവര്‍ ഇവിടെ വന്നു ജോലി ചെയ്യുന്നില്ലേ, അതു കാലാനുസൃതമായി സംഭവിക്കുന്നതാണെന്നും കളക്ടര്‍ പറഞ്ഞു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ അധ്യക്ഷത വഹിച്ചു. കില ജില്ലാ കോര്‍ഡിനേറ്റര്‍ മധു പി. വി പദ്ധതിവിശദീകരണം നടത്തി.

മേളയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള 32 കമ്പനികളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളാണ് മേളയില്‍ പങ്കെടുത്തത്. ഉദ്ഘാടനയോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി.സത്യന്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, സിജി ചാക്കോ, രാജു ജോസഫ്, തുടങ്ങി വകുപ്പ് മേധാവികള്‍, കക്ഷി രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.