വനിതാ കയർപിരി ഗ്രൂപ്പ് സംരംഭങ്ങൾക്ക് ധനസഹായം വിതരണം ചെയ്തു
ആലപ്പുഴ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് 2025-26 വർഷം പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ കയർപിരി ഗ്രൂപ്പ് സംരംഭങ്ങൾക്ക് ചകിരി വാങ്ങുന്നതിനുള്ള ധനസഹായം വിതരണം ചെയ്തു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ നിർവ്വഹിച്ചു. സബ് സിഡി ഇനത്തിൽ 75,000 രൂപ വീതം ആകെ 25,50,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. 30 വനിതാ കയർപിരി ഗ്രൂപ്പ് സംരംഭങ്ങളിലെ 150 ലധികം വനിതാ കയർത്തൊഴിലാളികൾക്കാണ് സഹായം ലഭിച്ചത്. നിലവിലെ ഭരണസമിതി അംഗീകാരത്തിൽ വന്നതിനുശേഷം 222 ഗ്രൂപ്പുകൾക്ക് 1.67 കോടി രൂപ സഹായം നൽകി. ഇതിലൂടെ ആയിരത്തിലധികം പരമ്പരാഗത വനിതാ കയർത്തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ കഴിഞ്ഞിട്ടുണ്ട്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി ഓമന, സ്ഥിരംസമിതി അധ്യക്ഷരായ ടി ആർ വത്സല, പി ശാന്തി കൃഷ്ണ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോർജ്ജ് വർഗ്ഗീസ്, എസ് ശോഭ, ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ എസ് ഗീതാഞ്ജലി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് രശ്മി, കയർപിരി തൊഴിലാളികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.










