ഭക്ഷ്യസുരക്ഷ: ആലപ്പുഴ ജില്ലാതല വിജിലൻസ് കമ്മിറ്റി യോഗം ചേർന്നു

post

ആലപ്പുഴ ജില്ലയിലെ പൊതുവിതരണ സംവിധാനത്തിലൂടെ നൽകുന്ന റേഷൻ ഭക്ഷ്യസാധനങ്ങൾ, അങ്കണവാടി പോഷകാഹാരം, സ്കൂൾ ഉച്ച ഭക്ഷണം എന്നിവയുടെ ലഭ്യത, ഗുണമേന്മ, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ സപ്ലൈ ഓഫീസിൻ്റെ നേതൃത്വത്തിൽ ജില്ലാതല വിജിലൻസ് കമ്മിറ്റി യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആശ സി എബ്രഹാം അധ്യക്ഷയായി. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം സബിത ബീഗം പങ്കെടുത്തു.


നവംബർ ഒന്നിന് കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമ്പോൾ ഈ ലക്ഷ്യത്തിലേക്കെത്തുന്നതിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രവർത്തനങ്ങളുടെ പ്രാധാന്യം യോഗത്തിൽ വിവരിച്ചു. ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി എന്നീ വകുപ്പുകൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിൽ ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയ 33 ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തിയ സംഭവങ്ങളില്‍ കേസുകൾ രജിസ്റ്റർ ചെയ്തു. 10 ഫിഷ് സ്റ്റാളുകൾക്ക് നവീകരണത്തിന് നോട്ടീസ് നൽകി. അങ്കണവാടികളിൽ നടത്തിയ പരിശോധനയിൽ നിലവാരമില്ലാത്ത അമൃതംപൊടി കണ്ടെത്തുകയും 18 അമൃതംപൊടി നിർമ്മാണ യൂണിറ്റുകളിൽ പരിശോധന നടത്തുകയും ചെയ്തു. മൂന്ന് യൂണിറ്റുകൾക്ക് നവീകരണത്തിനുള്ള നോട്ടീസ് നൽകി. ഒരു യൂണിറ്റിന് പിഴയീടാക്കാനുള്ള നോട്ടീസ് നൽകിയതായും യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസർ കെ മായാദേവി, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ വൈ ജെ സുബിമോൾ, എഫ് സി ഐ ആലപ്പുഴ ഡിവിഷണൽ ഓഫീസർ സ്റ്റീവ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.