കേരളത്തിലെ ആദ്യ എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേ പാലം ഉദ്ഘാടനത്തിനൊരുങ്ങി
കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേ പാലമായ ആലപ്പുഴ തോട്ടപ്പള്ളി നാലുചിറ പാലം പ്രവർത്തന സജ്ജമായി.ഒന്നാം പിണറായി സർക്കാർ 38 കോടി രൂപയും രണ്ടാം പിണറായി സർക്കാർ 22 കോടി രൂപയും അനുവദിച്ചു നിർമ്മിച്ച പാലം 60 കോടി രൂപ ചെലവിലാണ് പൂർത്തിയായത്.
ദേശീയപാത 66 നെയും അമ്പലപ്പുഴ -തിരുവല്ല സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന പാലം കരുമാടിയിൽ നിന്ന് തോട്ടപ്പള്ളി കൊട്ടാരവളവ് വരെ ദേശീയപാതയ്ക്ക് സമാന്തരപാതയായി മാറും. ദേശീയ ജലപാതയിൽ ലീഡിങ് ചാനലിന് കുറുകെ കൊട്ടാരവളവ് കടത്തിന് സമീപം ദേശീയ ജലപാത മാനദണ്ഡങ്ങൾ പാലിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

ജലഗതാഗതം തടസ്സപ്പെടാതിരിക്കാനായി 70 മീറ്ററുള്ള സെന്റർ സ്പാനാണ് ദേശീയ ജലപാതയ്ക്ക് കുറുകെ തൂണുകളില്ലാതെ മധ്യത്തില്‍ ഒരുക്കിയിരിക്കുന്നത്. 458 മീറ്റർ ആണ് പാലത്തിന്റെ ആകെ നീളം. ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയുമുണ്ട്. കാഴ്ച്ചകൾ കാണുന്നതിന് നടപ്പാതയോട് ചേർത്ത് മധ്യഭാഗത്ത് വിപുലീകരിച്ചിട്ടുള്ള പ്രത്യേക ഭാഗം പാലത്തിന്റെ പ്രധാന ആകർഷണമാണ്.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66 നെയും ബന്ധിപ്പിച്ച് പക്ഷിച്ചിറകിന്റെ ആകൃതിയിൽ നിര്‍മ്മിച്ച പാലം സസ്പെൻഷൻ പാലത്തിൻ്റെയും സാധാരണ പാലങ്ങളുടെയും സംയോജിത രൂപമാണ്. തോട്ടപ്പള്ളി നാലുചിറ, ഇല്ലിച്ചിറ നിവാസികൾക്കും കാർഷിക മേഖലയ്ക്കും ആലപ്പുഴ ജില്ലയുടെ ഗതാഗത രംഗത്തിനുമൊപ്പം വിനോദസഞ്ചാര മേഖലക്കും വലിയ മുതല്‍ക്കൂട്ടാകുന്ന പാലമാണ് പ്രവർത്തന സജ്ജമായിരിക്കുന്നത്.
ഒക്ടോബർ 27 ( തിങ്കൾ)ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലം നാടിന് സമർപ്പിക്കും.

പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് എന്നിവർ മുഖ്യാതിഥികളാകും. കെ. സി. വേണുഗോപാൽ എം. പി, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി. ശ്രീ. ജി. സുധാകരൻ എന്നിവർ വിശിഷ്ടാതിഥികളാവും. കെ ആർ എഫ് ബി പ്രോജക്ട് ഡയറക്ടർ എം അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. എച്ച് സലാം എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ, വൈസ് പ്രസിഡന്റ് വി എസ് മായാദേവി, ജില്ലാ പഞ്ചായത്ത് അംഗം പി അഞ്ചു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ രാജി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ രാജീവൻ, വി എസ് ജിനുരാജ്, പ്രിയ അജേഷ്, ജനപ്രതിനിധികൾ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.










