കോട്ടാങ്ങൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്തു
സ്മാർട്ട് കൃഷിഭവനിലൂടെ മികച്ച സേവനം ഉറപ്പാക്കും: മന്ത്രി പി പ്രസാദ്
കോട്ടാങ്ങൽ സ്മാർട്ട് കൃഷിഭവൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കൃഷിഭവനുകളെ ആധുനികവൽക്കരിക്കുകയും കർഷകർക്ക് നൂതന സാങ്കേതിക വിദ്യയിലൂടെ മികച്ച സേവനം ഉറപ്പാക്കുകയുമാണ് സ്മാർട്ട് കൃഷിഭവനിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു . മികച്ച കെട്ടിടവും അനുബന്ധ സൗകര്യങ്ങളും മാത്രമല്ല സമയബന്ധിതമായും കൃത്യതയോടെയും കർഷകർക്ക് സേവനം നൽകുമ്പോൾ കൃഷിഭവനുകൾ സ്മാർട്ടാകും. കൃഷി ഓഫീസർമാർ കൃഷിയിടം സന്ദർശിച്ച് കർഷകരുടെ ആവശ്യങ്ങൾ മനസിലാക്കുമ്പോഴാണ് സ്മാർട്ടെന്ന പദം പൂർണമാകുന്നതെന്നും മന്ത്രി പറഞ്ഞു.നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കാലങ്ങളിൽ സംസ്ഥാനത്ത് കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റമുണ്ടായി. 2023-2024 വർഷം 4.65 ശതമാനം വളർച്ച കെവരിച്ചു. ദേശീയ ശരാശരിയേക്കാൾ ഏറെ ഉയർന്നതാണ് ഇത്. ദേശീയ ശരാശരി താഴോട്ട് പോകുമ്പോഴാണ് സംസ്ഥാനം മുന്നേറിയത്. 'ഞങ്ങളും കൃഷിയിലേക്ക്', 'കൃഷികൂട്ടങ്ങൾ' തുടങ്ങിയ പദ്ധതി കൃഷിയെ കൂടുതൽ ജനകീയമാക്കി. 23,500 ഓളം കൃഷികൂട്ടങ്ങൾ സംസ്ഥാനത്തുണ്ട്. ഒരു കൃഷിഭവൻ ഒരു മൂല്യവർധിത ഉൽപന്നം ഉണ്ടാക്കണം എന്ന നിർദേശം സർക്കാർ മുന്നോട്ട് വച്ചിരുന്നു. കേരളഗ്രോ എന്ന പേരിൽ 1000 ത്തോളം മൂല്യവർധിത ഉൽപന്നങ്ങൾ ഇപ്പോൾ വിപണിയിലുണ്ട്. കേരളത്തിലെ 15 ഓളം ഷോറൂമുകൾക്ക് പുറമെ ഓൺലൈനായും കേരളഗ്രോ വിൽക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾ, അയൽകൂട്ടങ്ങൾ, കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പിന്തുണ മന്ത്രി എടുത്തു പറഞ്ഞു.
മൂല്യവർധിത ഉൽപന്നങ്ങളിലൂടെ കർഷകർക്ക് കൂടുതൽ ലാഭം കിട്ടും. ഒരു സ്ഥലത്ത് കൃഷി ചെയ്ത ഉൽപന്നങ്ങൾ മറ്റൊരിടത്ത് എത്തിച്ച് വിൽക്കാനാകണം. മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ പൊതുസംവിധാനം സർക്കാർ ലക്ഷ്യമിടുന്നു. ഇതിലൂടെ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം കിട്ടും. കൃത്യമായ ആസൂത്രണം കൃഷിക്ക് ആവശ്യമാണ്. വ്യവസായിക നേട്ടവും മുന്നിൽ കാണണം. 2031 ഓടെ കർഷകർക്കെല്ലാം സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും മന്ത്രി വൃക്തമാക്കി.
പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ, വൈസ് പ്രസിഡന്റ് ആനി രാജു, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വൈസ് പ്രസിഡന്റ് എം എ ജമീല ബീവി, സ്ഥിരം സമിതി അധ്യക്ഷരായ കെ ആർ കരുണാകരൻ, ദീപ്തി ദാമോദരൻ, ജോളി ജോസഫ് എന്നിവർ പങ്കെടുത്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർ (എക്സ്റ്റൻഷൻ) എസ് സപ്ന പദ്ധതി വിശദീകരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുളത്തൂർമുഴി ദേവി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ജൈവ ഉൽപാദനോപാധികൾ, മൂല്യവർധിത ഉൽപന്നങ്ങൾ, കാർഷിക യന്ത്രങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചിരുന്നു.










