ഉടുമ്പൻചോല പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

post

ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് വികസന സദസ് എംഎം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ നാടിന്റെ വികസനം ഉറപ്പാക്കുകയാണ് വികസന സദസിന്റെ ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു. ജനാധിപത്യ രീതിയിൽ ബഹുജന അഭിപ്രായം രൂപികരിച്ച് വിലയിരുത്തിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത്. ലോകസഭ, രാജ്യസഭ ,നിയമസഭ, ത്രിതലപഞ്ചായത്ത് സംവിധാനങ്ങളുടെയെല്ലാം ചുമതല ഭരണഘടനാധിഷ്ടിതമായി ജനാധിപത്യ രീതിയിൽ നാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുക എന്ന്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉടുമ്പൻചോല ജംഗ്ഷനിൽ സംഘടിപ്പിച്ച വികസന സദസിൽ ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സജികുമാർ അധ്യക്ഷത വഹിച്ചു.

ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ 2021-2025 കാലഘട്ടത്തിൽ ലൈഫ് ഭവന പദ്ധതിയിൽ 397 വീടുകളുടെ നിർമ്മാണം പുർത്തിയാക്കി. 31 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 18 കോടി രൂപയാണ് ലൈഫ് ഭവന പദ്ധതിക്ക് മാത്രമായി പഞ്ചായത്തിൽ ചെലവഴിച്ചത്. റോഡ് വികസന രംഗത്ത് വൻ കുതിച്ചുചാട്ടമാണ് ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലും സമീപ ഗ്രാമപഞ്ചായത്തുകളിലമുണ്ടായത്. 160 കോടി രൂപ ചെലവിൽ നിർമിച്ച ഉടുമ്പൻചോല-ചിത്തിരപുരം റോഡ്, 180 കോടി രൂപ ചെലവിൽ നിർമിച്ച ചെമ്മണ്ണാർ- ഗ്യാപ് റോഡ്, 90 കോടി രൂപ ചെലവിൽ നിർമിച്ച മലയോര ഹൈവേയുടെ ഭാഗമായ പുളിയൻമല- നെടുങ്കണ്ടം- മൈലാടുംപാറ റീച്ച്, 70 കോടി രൂപ ചെലവിൽ നിർമ്മിച്ച മൈലാടുംപാറ- രാജക്കാട്-എല്ലക്കൽ റീച്ച്, 10 കോടി് രൂപ ചിലവിൽ നിർമിച്ച ചക്കുളത്തിമേട് റോഡ്, 9.5 കോടി രൂപ ചെലവിൽ നിർമിച്ച ഉടുമ്പൻചോല- മുണ്ടിയെരുമ റോഡ്, 11 കോടി രൂപ ചെലവഴിച്ച് നിർമിച്ച മേലെ ചെമ്മണ്ണാർ- മുരുക്കുംതൊട്ടി റോഡ് ആധുനിക നിലവാരത്തിൽ നിർമിച്ചിട്ടുള്ള ഈ റോഡുകൾ ഉടുമ്പൻചോല മണ്ഡലത്തിൽ ഗതാഗത രംഗത്ത് പുതുവിപ്ലവം സൃഷ്ടിച്ചു.


അഞ്ച് കോടി രൂപ ചിലവിൽ നിർമ്മിച്ച ഉടുമ്പൻചോല പൊലീസ്‌ സ്റ്റേഷൻ, ഒരു കോടി രൂപ ചെലവിൽ നവീകരിച്ച തിങ്കൾക്കാട് ഉന്നതി, പാറത്തോട് പാലം, കെഎസ്ഇബി സെക്ഷൻ ഓഫീസ് എന്നീ വികസന പദ്ധതികളും ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിന് തിലകക്കുറിയാണ്. ആയൂർവേദ മെഡിക്കൽ കോളേജിനായി ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ 25 ഏക്കർ സ്ഥലം ഏറ്റെടുത്തു ശിലാസ്ഥാപനവും നടത്തി. ആയുർവേദ മെഡിക്കൽ കോളേജ് നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് താൽകാലിക സംവിധാനവും ഒരുക്കി. ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ കുടിവെള്ള പദ്ധതിക്കായും വിവിധ പദ്ധതികൾ നടപ്പാക്കി. 40 ലക്ഷം രൂപ ചെലവിൽ ഭൂതാളപ്പാറ കുടിവെള്ള പദ്ധതി പൂർത്തികരിച്ചു. 21 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കൈലാസം കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ ശർമ്മിള പി, യേശുദാസ് രാജപ്പൻ, അനുമോൾ ആന്റണി, ജ്യോതി വനരാജ്, നാഗജ്യോതി ഭാസ്‌കർ, രഞ്ജിത്കുമാർ, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.പി സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ.ഗിഫ്റ്റി മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.