നെടുങ്കണ്ടം താലൂക്ക് ആശുപത്രി നിര്‍മ്മാണം:നിര്‍മ്മാണ പുരോഗതി വിലയിരുത്തി മന്ത്രി

post

കരാറുകാരന് 15 ദിവസത്തെ സമയം

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഒപി ബ്ലോക്കുകളുടെ നിര്‍മ്മാണ പുരോഗതി മന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തി വിലയിരുത്തി.

താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് 15 ദിവസത്തെ സമയം കൂടി നല്‍കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു . 15 ദിവസത്തിനകം ആവശ്യത്തിന് ജോലിക്കാരെ നിയോഗിച്ച് നിര്‍മ്മാണം വേഗത്തിലാക്കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കി കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രതിദിനം 150 മുതല്‍ 200 വരെ ജോലിക്കാരെ നിയോഗിച്ച് നിര്‍മ്മാണം വേഗത്തിലാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

149 കോടി രൂപ കിഫ്ബി തുക ഉപയോഗിച്ചാണ് നിര്‍മ്മാണം. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യാന്‍ കിഫ്ബ് തീരുമാനിക്കുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കരാറുകാരന്‍ കോടതി സമീപിക്കുകയും അവരെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കരാറുകാര്‍ നിര്‍മ്മാണം തുടരുകയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി നെടുങ്കണ്ടത്തിനു വേണ്ടി പ്രത്യേകമായി അനുവദിച്ചതാണ് 149 കോടി രൂപ. എംഎം മണി എംഎല്‍എ മന്ത്രിയായിരിക്കുന്ന ഘട്ടത്തിലാണ് പദ്ധതി അനുവദിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം തുക അനുവദിക്കപ്പെട്ടിട്ടുള്ള ആശുപത്രികളില്‍ ഒന്നാണിത്. ഒപി ബ്ലോക്കും കാഷ്വാലിറ്റി ബ്ലോക്കുമാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.


കരാറുകാരന് ഒരു ബില്ലുപോലും കിഫ്ബിയില്‍ നിന്ന് മാറിനല്‍കാനില്ലെന്ന് മന്ത്രി പറഞ്ഞു. കൂടാതെ കരാറുകാരന് സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കി നല്‍കുന്നതിനായി കിഫ്ബി, സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ ഹൈറ്റ്‌സ് (എച്ച് എല്‍ എല്‍ ഇന്‍ഫ്രാ ടെക് സര്‍വീസസ് ലിമിറ്റഡ്), കരാര്‍ കമ്പനി എന്നിവര്‍ ചേര്‍ന്ന് ത്രികക്ഷി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ത്രികക്ഷി കരാറില്‍ കിഫ്ബ് ഏര്‍പ്പെടുന്നത് സംസ്ഥാനത്ത് തന്നെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മാത്രമാണെന്ന് മന്ത്രി പറഞ്ഞു.

എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ആശുപത്രിയുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ആവശ്യത്തിന് ജോലിക്കാരെ നിയോഗിക്കുന്നുണ്ടോ എന്ന് 15 ദിവസം നിരീക്ഷിക്കും. അതിനു ശേഷം നിര്‍മ്മാണ പുരോഗതി വിലയിരുത്തും. ഫെബ്രുവരി മാസത്തോടെ ഒരു ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

എം.എം. മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍, ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി എസ് ബാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എന്‍. സതീഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ശരണ്‍ ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ.കെ. ഖയസ്, ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടര്‍ (പ്ലാനിംഗ്) ഡോ. സുകേഷ് രാജ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ (പ്ലാനിംഗ്) ഡോ. വി.എന്‍. വിനീത്,  ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ (മെഡിക്കല്‍) ഡോ. സരുണ്‍ ഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.