ശബരിമല തീര്‍ഥാടനത്തിലെ നാഴികക്കല്ല്; സീതത്തോട് - നിലയ്ക്കൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

post

സീതത്തോട് - നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പദ്ധതി ശബരിമല തീർഥാടനത്തിലെ നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു.

ശബരിമല മണ്ഡല-മകരവിളക്ക്, മാസ പൂജ സമയത്ത് സീതത്തോട്, പമ്പ, പെരുനാട് ശുദ്ധീകരണ ശാലകളിൽ നിന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് തീർഥാടകർക്കായി ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നത്. നിലയ്ക്കൽ ബേസ് ക്യാമ്പിലെ ജലസംഭരണികളിൽ പൈപ്പ് ലൈൻ വഴി വെള്ളം എത്തുന്നതോടുകൂടി ജലവിതരണത്തിനായി ചെലവാക്കി വരുന്ന ഭീമമായ തുക കുറയ്ക്കുവാൻ സാധിക്കും. തീർഥാടകർക്ക് ശുദ്ധമായ കുടിവെള്ളവും ഉറപ്പാക്കാനും കഴിയും. 120 കോടി രൂപ നബാഡ് ധനസഹായത്തോടെയുള്ള പദ്ധിതിയിൽ 84.38 കോടി രൂപയുടെ പ്രവൃത്തി പൂർത്തിയായി. സംസ്ഥാനത്ത് കുടിവെള്ളവിതരണത്തിൽ അത്ഭുതകരമായ മാറ്റം ഉണ്ടായി. കഴിഞ്ഞ 3.5 വർഷം കൊണ്ട് 17 ലക്ഷത്തിൽ നിന്ന് 40 ലക്ഷം കുടുംബങ്ങൾക്ക് ശുദ്ധജലം വിതരണം ചെയ്യാനായി. റാന്നി മണ്ഡലത്തിൽ കുടിവെള്ള വിതരണത്തിനായി 671 കോടി രൂപ അനുവദിച്ചു. ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി നെല്ലിമല ഭാഗത്തേക്കുള്ള പ്രവൃത്തി പൂർത്തിയാക്കുന്നതോടെ അട്ടത്തോട് കിഴക്ക് പടിഞ്ഞാറ് ഉന്നതികൾ, കിസുമം സ്‌കൂൾ, അയ്യൻമല, നെല്ലിമല, നാരായണംതോട് പ്രദേശങ്ങളിൽ മാർച്ച് മാസത്തോടെ കുടിവെള്ളം എത്തും.


ളാഹ, ഏഞ്ചൽവാലി പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതികൾ ടെൻഡർ ചെയ്ത വരുന്നു. ഈ പദ്ധതികൾ പൂർത്തിയാക്കുന്നതോടെ വേലംപ്ലാവ്, ളാഹ, മഞ്ഞത്തോട്, ഏഞ്ചൽവാലി, തുലാപ്പള്ളി, പ്ലാപ്പള്ളി എന്നീ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുവാൻ സാധിക്കും.

വേനൽക്കാലത്ത് ജലവിതരണം സുഗമമാക്കുന്നതിന് പ്ലാപ്പള്ളി സമ്പിലും, നിലയ്ക്കൽ ബിഎസ്എൻഎൽ ടവറിനു സമീപമുള്ള ഒ എച്ച് എസ് ആർ -ലും ഹൈഡ്രന്റുകൾ സ്ഥാപിച്ച്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന ടാങ്കർ ലോറികൾ വഴി ജലവിതരണം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ജനപ്രതിനിധികളോടൊപ്പം ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തിന്റെ മികവോടെയുള്ള പ്രവർത്തനത്തിലാണ് പല പ്രതിസന്ധികളേയും തരണം ചെയ്തു പദ്ധതി യാഥാർഥ്യമായതെന്നും മന്ത്രി കൂട്ടിചേർത്തു.


ശബരിമല തീർഥാടനത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്ത സീതത്തോട് - നിലയ്ക്കൽ കുടിവെള്ള പദ്ധതി കേരളത്തിന് മുതൽകൂട്ടെന്ന് ചടങ്ങിൽ അധ്യക്ഷനായ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. 8.5 കോടി രൂപ ചെലവിൽ നിലയ്ക്കലിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജല അതോറിറ്റി തിരുവല്ല പിഎച്ച് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ ആർ. വി സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 2014ൽ 9.09 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയ 9 മീറ്റർ വ്യാസമുള്ള ഇൻടേക്ക് കിണർ, 13 ദശലക്ഷം സംഭരണശേഷിയുള്ള ജലശുദ്ധീകരണശാല എന്നിവയുടെ നിർമാണപ്രവൃത്തികൾ 2019ൽ പൂർത്തീകരിച്ച് കമ്മിഷൻ ചെയ്തു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 2019 ൽ 120 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി. രണ്ടാം ഘട്ടത്തിൽ 6 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള 3 സമ്പ് കം ബൂസ്റ്റർ പമ്പ് ഹൗസുകൾ, നിലയ്ക്കൽ ബേസ് ക്യാമ്പിൽ 20 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള 3 ഉന്നതതല ജലസംഭരണി, 22.5 കി.മീ 508 എംഎം എംഎസ് ക്ലിയർ വാട്ടർ പമ്പിംങ്ങ് മെയിൻ, നിലയ്ക്കൽബേസ് ക്യാമ്പിൽ വിതരണശൃംഖല, പമ്പ് ഹൗസുകളിലും ശുദ്ധീകരണശാലയിലും പമ്പ് സെറ്റ്, ട്രാൻസ്ഫോർമർ എന്നിവ സ്ഥാപിക്കൽ എന്നീ പ്രവൃത്തികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലയ്ക്കൽബേസ് ക്യാമ്പിലെ ബി.എസ്.എൻ.എൽ ടവർ, ഗോശാല എന്നിവയ്ക്ക് സമീപമുളള 20 ലക്ഷം ലിറ്റർ വീതം സംഭരണ ശേഷിയുള്ള ജലസംഭണികളുടെ നിർമാണ പ്രവൃത്തി പൂർത്തീകരിച്ചിട്ടുളളതും പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപമുള്ള 20 ലക്ഷം ലിറ്റർ ജലസംഭരണിയുടെ പ്രവൃത്തി അവസാന ഘട്ടത്തിലുമാണ്.

നിലയ്ക്കൽ ദേവസ്വം ബോർഡ് നടപ്പന്തലിൽ നടന്ന ചടങ്ങിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, വാർഡ് അംഗങ്ങളായ മഞ്ജു പ്രമോദ്, സി എസ് സുകുമാരൻ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ്, ജല അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ പി. ആർ. വിപിൻ ചന്ദ്രൻ, അസി. എക്സിക്യുട്ടീവ് എൻജിനീയർ കെ. മനോജ്കുമാർ, അസി. എൻജിനീയർ വി. അനു തുടങ്ങിയവർ പങ്കെടുത്തു.