വാഴവര അർബൻ പി.എച്ച്.സിക്ക് പുതിയ ഒ. പി ബ്ലോക്ക്
ആരോഗ്യരംഗത്തെ മാറ്റങ്ങൾക്ക് കാരണം പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ: മന്ത്രി റോഷി അഗസ്റ്റിൻ
വാഴവര അർബൻ പി.എച്ച്.സിയുടെ പുതിയ ഒ. പി ബ്ലോക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഒരു നാടിന്റെ ആരോഗ്യരംഗത്ത് തനതായ മാറ്റങ്ങളുണ്ടാകുന്നത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുമ്പോഴാണെന്ന് മന്ത്രി പറഞ്ഞു. മികച്ച വിദ്യാഭ്യാസ-ആരോഗ്യ കേന്ദ്രങ്ങൾ നാടിന്റെ സൗഭാഗ്യമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം വർധിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ആരോഗ്യ മേഖലയിലെ ഭാവിയെ പറ്റിയുള്ള കരുതലായ ഇടുക്കി മെഡിക്കൽ കോളേജ് വളർച്ചയുടെ പാതയിലാണ്.
മെഡിക്കൽ കോളേജിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് 'ആശ്രയഭവൻ ' എന്ന പേരിൽ അഞ്ച് കോടി രൂപ മുടക്കി കെട്ടിടം നിർമ്മിക്കുമെന്നും മെഡിക്കൽ കോളേജിലേക്ക് ബൈ പാസ് റോഡ് നിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കട്ടപ്പനയിൽ താലൂക്ക് ആശുപത്രിക്കായി ജനുവരിയിലെ ബജറ്റിൽ 15 കോടി രൂപ വകയിരുത്തും. എല്ലാ പഞ്ചായത്തുകളിലും പ്രവർത്തിക്കുന്ന പി. എച്ച്. സി കേന്ദ്രങ്ങൾ നാടിന്റെ ആരോഗ്യ മേഖലയിൽ മികവ് പുലർത്തുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വാഴവര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും ആശുപത്രിയുടെ എക്സറേ യൂണിറ്റിനായി 20 ലക്ഷം രൂപ മന്ത്രിയുടെ വ്യക്തിഗത ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നും പ്രഖ്യാപിച്ചു.
നഗരസഭ ചെയർപേഴ്സൺ ബീന ടോമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി. വാഴവര നഗര ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജസ് ജോയ് ചടങ്ങിൽ റിപ്പോർട്ട് അവതതരിപ്പിച്ചു.

വാഴവര നഗര കുടുംബാരോഗ്യ കേന്ദ്രം കട്ടപ്പന നഗരസഭയുടെ തനതുഫണ്ട് 75ലക്ഷം രൂപയും ജലവിഭവ വകുപ്പ് മന്ത്രിയും ഇടുക്കി നിയോജക മണ്ഡലം എംഎൽഎയുമായ റോഷി അഗസ്റ്റിൻ അനുവദിച്ച 30 ലക്ഷം രൂപയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്രസർക്കാർ പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുഖേന ഹെൽത്ത് ഗ്രാന്റ് 5.5 ലക്ഷം രൂപയും ഉപയോഗിച്ചു മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം പൂർത്തികരിച്ചത്. കൂടാതെ, ആശുപത്രിക്കായി കട്ടപ്പന നഗരസഭ പുതിയ ആത്യാനുധിക സൗകര്യങ്ങളോട് കൂടിയ ടോയ്ലറ്റ് കോപ്ലക്സ് നിർമിക്കുന്നതിനായി 23.2 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കട്ടപ്പന നഗരസഭയിലെ സാധാരണ ജനങ്ങൾക്ക് നിലവാരമുള്ള പ്രാഥമിക ആരോഗ്യ സേവനങ്ങൾ സൗജന്യമായി ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. സൗജന്യ ജനറൽ, സ്പെഷ്യാലിറ്റി ഒപി, ലബോറട്ടറി, മരുന്ന് വിതരണം, ടെലി മെഡിസിൻ സംവിധാനം, കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ, ചൊവ്വാഴ്ച്ചകളിൽ ന്യൂട്രിഷൻ സേവനം, വ്യാഴാഴ്ചകളിൽ ഇ എൻ ടി ഒ പി, ജീവിത ശൈലി, സാംക്രമിക രോഗങ്ങളുടെ സൗജന്യ നിർണയവും ചികിത്സയും ഗർഭകാല പരിചരണം, കൗമാര്യ ആരോഗ്യ ക്ലിനിക്കുകൾ, മാനസികാരോഗ്യ ക്ലിനിക്, ശ്വാസകോശ രോഗങ്ങൾക്ക് വേണ്ടിയുള്ള ക്ലിനിക്, ആരോഗ്യ ബോധവൽക്കരണ പ്രവർത്തങ്ങൾ തുടങ്ങിയ സേവനങ്ങളാണ് വാഴവര നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭ്യമാകുന്നത്.
യോഗത്തിൽ കട്ടപ്പന നഗരസഭാ ചെയർമാൻ കെ. ജെ ബെന്നി, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് മുരളി,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേർസണ് ഐബി മോൾ രാജൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ. എൻ, നാഷണൽ ഹെൽത്ത് മിഷൻ ഡിപിഎം ഡോ. ഖയാസ് ഇ.കെ, പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായിൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി വിവിധ വാർഡുകളിലെ കൗൺസിലർമാർ, രാഷ്ട്രിയ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.










