ഉത്തരവാദിത്ത ടൂറിസം സാധ്യതകൾ പങ്കുവച്ച് ടൂറിസം സെമിനാർ
ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസത്തിൻ്റെ സാധ്യതകൾ, മണ്ണ്, ജലം ഇവ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ശരിയായ മാലിന്യ സംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ ഉത്തരവാദിത്ത - സുസ്ഥിര വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ ചർച്ച ചെയ്ത് വിഷൻ 2031 ടൂറിസം സെമിനാർ. ഉത്തരവാദ ടൂറിസം, ഇന്‍ക്ലൂസീവ് ടൂറിസം, എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം, റീജെനറേറ്റീവ് ടൂറിസം എന്നിവയുടെ സാധ്യതകള്‍ എന്ന പാനൽ ചർച്ചയിലാണ് ഈ വിഷയങ്ങൾ വിശകലനം ചെയ്തത്.
കേരളത്തനിമ വിളിച്ചോതുന്ന റിസോർട്ട്, ഹോട്ടൽ നിർമ്മാണങ്ങളും അവയുടെ പ്രവർത്തന രീതികളുമാണ് വിദേശ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുകയെന്ന് സെമിനാർ വിലയിരുത്തി. സ്ത്രീകൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, കുട്ടികൾ തുടങ്ങി ഓരോ വിഭാഗങ്ങളെയും മുന്നിൽ കണ്ട് അവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ടൂർ ഓപ്പറേറ്റർമാർക്ക് കഴിയണമെന്നും സെമിനാർ വിലയിരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ടൂറിസം ഗ്രാമസഭകൾ നടത്തി പ്രാദേശിക വിനോദ സഞ്ചാരത്തിന് പ്രാധാന്യം നൽകണമെന്നും പാനൽ ചർച്ചയിൽ ആവശ്യം ഉയർന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനത്തിൽ ഒരു പ്രാദേശിക ഉത്തരവാദിത്ത ടൂറിസം പ്രദേശമെങ്കിലും സജ്ജമാക്കാൻ സർക്കാർ നിർദേശം നൽകണമെന്നും പാനൽ ചർച്ചയിൽ ആവശ്യമുയർന്നു.
നോയിഡ ഐഐടിടിഎം പ്രൊഫസർ അതിഥി ചൗധരി, സിജിഎച്ച് എർത്ത് വൈസ് പ്രസിഡന്റ് എൻ.ഷൈലേന്ദ്രൻ, യുഎൻ വിമൻ സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. പീജ രാജൻ എന്നിവർ ക്ലാസ് നയിച്ചു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സിഇഒ കെ.രൂപേഷ് കുമാർ മോഡറേറ്റർ ആയിരുന്നു.










