ഇടുക്കി ജില്ലാ ക്ഷീര കർഷകസംഗമം സംഘടിപ്പിച്ചു
ക്ഷീരകർഷകർക്കായി നൂതനപദ്ധതികൾ നടപ്പാക്കും : മന്ത്രി ജെ. ചിഞ്ചുറാണി
ഇരട്ടയാറിൽ സംഘടിപ്പിച്ച ഇടുക്കി ജില്ലാ ക്ഷീര കർഷകസംഗമം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.ക്ഷീരകർഷകർക്കായി നൂതനമായ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
പാലുൽപ്പാദനത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. പാലുൽപ്പാദനക്ഷമത കൂട്ടിയാൽ മാത്രമേ പാലുൽപ്പാദനത്തിൽ മുന്നേറാൻ കേരളത്തിനാകൂ. അതിനായി ഗുണമേൻമയുള്ള സങ്കരയിനം പശുക്കളെ കേരളത്തിൽ തന്നെ വളർത്തിയെടുക്കണം. മറ്റു സംസ്ഥാനത്തു നിന്നാണ് നമ്മൾ കന്നുകാലികളെ വാങ്ങുന്നതെന്നും ആ പ്രവണത മാറ്റാനായി സമഗ്രമായ പ്രവർത്തങ്ങൾ നടപ്പാക്കും . അതിനായി ഇടുക്കിയിൽ ഒരു കിടാരി പാർക്ക് കൂടി വരുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖലയിലേക്ക് കൂടുതൽ കർഷകരെ പ്രത്യേകിച്ചു പുതിയ കർഷകരെ ആകർഷിക്കാനായി കേരള ബാങ്ക് വഴി അഞ്ച് പലിശയിളവ് വായ്പ നൽകുന്ന സ്കീമുകൾ ഇപ്പോളുണ്ട്. കൂടുതൽ കർഷകർ വരുന്നതോടെ വലിയ മാറ്റം ക്ഷീരമേഖലയിൽ ഉണ്ടാകും.
ബീജോൽപ്പാദന മേഖലയിൽ വലിയ കുതിപ്പ് കേരളത്തിലുണ്ടായി. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ കണക്കനുസരിച്ചു ഏറ്റവും കൂടുതൽ ബീജോൽപ്പാദനം നടത്തിയത് ഇടുക്കിയിലാണ്. പഞ്ചാബ് സർക്കാരിന് എരുമ, എച്.എഫ് എന്നിവയുടെ ഗുണമേൻമയുള്ള ബീജങ്ങൾ നൽകാൻ വകുപ്പിന് കഴിഞ്ഞു. എറണാകുളം മേഖലയിൽ ഏറ്റവും കൂടുതൽ പാലുൽപ്പാദനം ഇടുക്കിയിലാണെന്നും അത് ഇടുക്കിയുടെ മികവിനെയാണ് കാട്ടുന്നതെന്നും മന്ത്രി പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ തീറ്റപ്പുൽ കൃഷി ചെയ്യാനുള്ള സഹായം, പശുക്കളുടെ ഇൻഷുറൻസ്, കന്നുകുട്ടി പരിപാലനത്തിനായി 25000 രൂപ ധനസഹായം നൽകൽ, സഞ്ചരിക്കുന്ന വെറ്റിനറി ആശുപത്രി, വെറ്റിനറി ആംബുലൻസ്, കാലിത്തിറ്റകളുടെ വിലക്കുറയ്ക്കൽ, വിവിധ വായ്പകൾ, തുടങ്ങി നിരവധി പദ്ധതികൾ മിൽമ, ക്ഷേമനിധി ബോർഡ്, സഹകരണ സംഘങ്ങൾ എന്നിവ വഴി നടപ്പിലാക്കി. കന്നുകാലികൾക്ക് മാത്രമല്ല, പക്ഷിപ്പനി, പന്നിപ്പനി എന്നിവ വന്നു നഷ്ടം ഉണ്ടായ ഉടമകൾക്കും സഹായം നൽകി. സർക്കാർ എന്നും കൃഷിക്കാർക്ക് ഒപ്പമാണെന്നും ക്ഷീര കർഷകർക്കായി കേന്ദ്രത്തിന്റെയും കേരളത്തിന്റെയും പദ്ധതികൾ സമഗ്രമായി നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. ചർമരോഗം വന്ന പശുക്കൾക്ക് ഇൻഷുറൻസ്, പല രോഗങ്ങൾ വന്നു മരണപ്പെട്ട പശുക്കളുടെ കർഷകർക്ക് സഹായമോ പുതിയ പശുവിനെ നൽകുകയോ ചെയ്യൽ, ക്ഷീര കർഷകർക്ക് 2 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്, കൂടാതെ ക്ഷീര കർഷകൻ മരണപ്പെട്ടാൽ ഏഴ് ലക്ഷം രൂപ ഇൻഷുറൻസ് തുടങ്ങി പല പദ്ധതികൾ വകുപ്പ് നടപ്പാക്കുകയും മറ്റു പലതും പ്രാരംഭഘട്ടത്തിലുമാണ്.

അതിദാരിദ്രത്തിൽപ്പെട്ട ക്ഷീരമേഖലയിലേക്ക് കടന്ന് വരാൻ താൽപ്പര്യമുള്ളവർക്ക് ഒരു ലക്ഷം രൂപ വായ്പ നൽകുമെന്നും പാൽ വില വർധിപ്പിക്കാൻ തീരുമാനം ഉണ്ടെന്നും ക്ഷീര കർഷകരുടെ അഭ്യസ്ത്ഥവിദ്യരായ കുട്ടികൾക്ക് മിൽമയിൽ ജോലി ലഭിക്കാനുള്ള സംവിധാനം നടപ്പിലാക്കാൻ പോവുകയാണെന്നും മന്ത്രി കൂട്ടി ചേർത്തു.
എം.എം. മണി എം.എൽ.എ അധ്യക്ഷത വഹിച്ചു. പാലിലെ മാലിന്യസൂക്ഷ്മാണു ശാസ്ത്രം എന്ന വിഷയത്തിൽ ഡയറി സയൻസ് കോളെജ് അസി. പ്രൊഫസർ ലിജി മോൾ ജെയിംസ് സെമിനാർ നടത്തി.
ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ നടപ്പിലാക്കുന്ന ക്ഷീര മേഖലയിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനം,റിപ്പോർട്ട് അവതരണം, ജില്ലയിലെ മികച്ച ക്ഷീര കർഷകർ, ക്ഷീര സഹകരണ സംഘങ്ങൾ,മികച്ച ക്ഷീര സംഘം ജീവനക്കാരെ ആദരിക്കൽ, വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് സമ്മാന വിതരണം എന്നിവയും ഇതോടൊപ്പം നടന്നു.
നാങ്കുതൊട്ടി ആപ്കോസ് പ്രസിഡന്റ് ജയൻ കെ.കെ. സ്വാഗതം ആശംസിച്ച പരിപാടിയിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനിൽ, കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൻ ബീന ടോമി, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്,, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം രതിഷ്, ഇളംദേശം ബ്ലോക്ക് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, ക്ഷീരവികസനവകുപ്പ് ഡയറക്ഡർ ശാലിനി ഗോപിനാഥ്, എറണാകുളം മിൽമ മേഖല യൂണിയൻ ബോർഡ് മെമ്പർമാരായ പോൾ മാത്യു, ജോൺസൻ, കെ. കെ അജേഷ് മോഹനൻ നായർ, കെ.എസ്.എം.എസ്.എ സംസ്ഥാന പ്രസിഡന്റ് പി ആർ സലിം കുമാർ, വൈസ് പ്രസിഡന്റ് സണ്ണി തെങ്ങുംപള്ളി, ജില്ലാ പ്രസിഡന്റ് സോണി ചെള്ളാമഠം, തുടങ്ങി ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, വിവിധ സഹകരണ സംഘങ്ങൾ, ജന പ്രതിനിധികൾ, ക്ഷീരവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.










