അടിമാലി മണ്ണിടിച്ചിൽ: ദുരന്തബാധിത പ്രദേശത്തെ 44 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും
മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു
അടിമാലി മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചതിനെ തുടർന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ അടിയന്തര യോഗം ചേർന്നു. ദേശിയപാത നിർമ്മാണത്തെ തുടർന്ന് മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണ് ഗൃഹനാഥൻ മരിച്ച സാഹചര്യ ത്തിലാണ് അടിയന്തര യോഗം ചേർന്നത്.

ദുരന്ത ബാധിത പ്രദേശത്തെ 44 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും. 25 കുടുംബങ്ങളെ അടിമാലി സർക്കാർ സ്കൂളിലെ താത്കാലിക ക്യാമ്പിലേക്ക് കഴിഞ്ഞ ദിവസം തന്നെ മാറ്റിയിരുന്നു. ഇത് അപകടത്തിൻ്റെ വ്യാപ്തി കുറച്ചതായി മന്ത്രി പറഞ്ഞു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രാഥമിക രക്ഷാപ്രവർത്തനവും ദുരന്തത്തിൻ്റെ തീവ്രത കുറച്ചു. കാലാവസ്ഥാ മുന്നറിയിപ്പും ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശങ്ങളും പാലിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തത്തിൽ എട്ടോളം വീടുകൾ പൂർണമായി നഷ്ടമായി. കത്തിപ്പാറയിലെ ക്വാർട്ടേഴ്സിലേക്കും അടിമാലി മച്ചിപ്ലാവ് ലൈഫ് ഭവന സമുച്ചയത്തിലേക്കും ദുരന്തബാധിത പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്, ജിയോജി വിഭാഗം, ദുരന്ത നിവാരണ വിഭാഗം, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ അടിയന്തരമായി പ്രത്യേക ടീം രൂപികരിച്ച് ദുരന്ത ബാധിത പ്രദേശങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്തും. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും നിർമ്മാണ പ്രവർത്തനങ്ങൾ അടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുക. മണ്ണ് ഇടിഞ്ഞു കിടക്കുന്ന സ്ഥലത്തെ മണ്ണ് മാറ്റുവാനുള്ള നടപടികളും സ്വീകരിച്ചു. നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കാൻ നാഷണൽ ഹൈ വെ അതോറിറ്റിക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും സർക്കാർ കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

താലൂക്ക് ആശുപത്രിയിൽ ചേർന്ന അടിയന്തര യോഗത്തിൽ ഡീൻ കുര്യക്കോസ് എംപി, എ.രാജ എം എൽ എ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ് എന്നിവർ സംസാരിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനസ് ഇബ്രാഹിം, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സോമൻ ചെല്ലപ്പൻ, ജില്ലാ പൊലീസ് മേധാവി കെ. എം സാബു മാത്യു, സബ് കളക്ടർ ആര്യ വി.എം മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.










