വികസന നേട്ടങ്ങൾ വിലയിരുത്തി ഇടവെട്ടി ഗ്രാമപഞ്ചായത്ത് വികസന സദസ്

post

വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിച്ചും ഇടവെട്ടി ഗ്രാമപഞ്ചായത്ത് വികസനസദസ്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ അജിനാസ് സദസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സുബൈദ അനസ് അധ്യക്ഷത വഹിച്ചു.  സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സംബന്ധിച്ച വിഡിയോ സദസില്‍ പ്രദര്‍ശിപ്പിച്ചു. യോഗത്തില്‍  ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 5 വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  കുടാതെ കഴിഞ്ഞ 5 വര്‍ഷത്തില്‍ ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ നടത്തിയ വികസന നേട്ടങ്ങളെക്കുറിച്ച് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി   പി.ടി.അനന്തകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംവദിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയിലൂടെ 48 കുടുംബങ്ങളെ കണ്ടെത്തി മൈക്രോ പ്ലാന്‍ തയ്യാറാക്കി. ഇതില്‍ ഭവനരഹിതരായ 8 പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി. 48 കുടുംബങ്ങളില്‍ ഭക്ഷ്യകിറ്റും അവശ്യ മരുന്നുകളും നല്‍കി. ഏഴു പേര്‍ക്ക് ഉപജീവനത്തിനുളള തൊഴിലും നല്‍കി. ലൈഫ് ഭവന പദ്ധതിയില്‍ 94 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി.ബാക്കിയുള്ള 34 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.

കെ-സ്മാര്‍ട്ടിന്റെ ഹെല്‍പ്പ് ഡെസ്‌ക്, വിജ്ഞാനകേരളം  ജോബ് ഫെയര്‍ സെന്ററും സദസില്‍ സജ്ജമാക്കിയിരുന്നു.യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ സുജാത ശിവന്‍ നായര്‍, സുസി റോയ് ,ഹരിത കര്‍മ്മ സേന അംഗങ്ങള്‍,കുടുംബശ്രീ അംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍,ആശാ വര്‍ക്കര്‍മാര്‍,രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.