പീരുമേട് വികസന സദസ് സംഘടിപ്പിച്ചു

ഇടുക്കി പീരുമേട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു.അനുവദിച്ച ഫണ്ടുകള്‍ ഉപയോഗിച്ച് കാര്യക്ഷമമായ പ്രവര്‍ത്തനം പീരുമേട് ഗ്രാമപഞ്ചായത്ത് നടപ്പാക്കിയെന്നും ടൂറിസം രംഗത്ത് വലിയ കുതിച്ചു ചാട്ടം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ അതി ദരിദ്രര്‍ ഇല്ലാത്ത ആദ്യ പഞ്ചായത്ത് പീരുമേട് പഞ്ചായത്തായി. അത് വലിയ സന്തോഷവും അഭിമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു. പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ദിനേശന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. വി ജോസഫ്,ജില്ലാ പഞ്ചായത്ത് അംഗം എസ് പി രാജേന്ദ്രന്‍,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിതമോള്‍ ഷൈജന്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലന്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. എ ജേക്കബ്, പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കുട്ടികള്‍ക്കായി ഡൈനിങ് ടേബിള്‍ സൗകര്യം, സ്റ്റേഡിയം, ക്ലാസ് ലൈബ്രറി, എ ഐ, റോബോട്ടിക്‌സ് എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ക്ലാസുകള്‍ നടപ്പാക്കുക, അതിഥി തൊഴിലാളികളുടെ ക്ഷേമം, താലൂക്ക് ആശുപത്രിയില്‍ ട്രോമാ കെയര്‍ സംവിധാനം, ഡയാലിസിസ് യൂണിറ്റ്, കുട്ടിക്കാനം, മുറിഞ്ഞപുഴ എന്നിവിടങ്ങളില്‍ ആധുനിക സൗകര്യമുള്ള ടേക്ക് എ ബ്രേക്ക് സംവിധാനം, ഡിവോഷണല്‍ ടൂറിസം, ഹേറിറ്റെജ് ടൂറിസം എന്നിവ മെച്ചപ്പെടുത്തുക, ക്യാന്‍സര്‍ രോഗികള്‍ക്കായി കീമോ തെറാപ്പി സംവിധാനം, പാലിയേറ്റിവ് രംഗത്ത് സ്വന്തമായി വാഹനം,യുവ ജനങ്ങളില്‍ നൈപുണ്യ ശേഷി വര്‍ധിപ്പിക്കല്‍, മകര വിളക്ക് കാണാനായി വാച്ച് ടവര്‍, കുടിവെള്ള പദ്ധതി, റോഡ് നവികരണം തുടങ്ങിയ കാര്യങ്ങളില്‍ സദസില്‍ ചര്‍ച്ച നടന്നു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോ ചടങ്ങില്‍ അവതരിപ്പിച്ചു. അഞ്ചു വര്‍ഷം കൊണ്ട് പഞ്ചായത്ത് കാഴ്ച്ച വച്ച പ്രവര്‍ത്തനങ്ങളുടെ
റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് എ. എം രാജ അവതരിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ നിര്‍മാര്‍ജനം, കുടിവെള്ളം, ടൂറിസം, റോഡുകള്‍, ഭവന നിര്‍മ്മാണം, കൃഷി, പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം, അതി ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങി നിരവധി മേഖലകളില്‍ ആകെ 31,93,42,978 തുക പഞ്ചായത്ത് ചെലവഴിച്ചു.
ഇടുക്കി ജില്ലയിലെ അതി ദരിദ്രരില്ലാത്ത ജില്ലയിലെ ആദ്യ പഞ്ചായത്തായി പീരുമേട് പഞ്ചായത്ത് മാറി. പഞ്ചായത്തില്‍ അതി ദരിദ്രരായി കണ്ടെത്തിയ 38 കുടുംബങ്ങള്‍ക്കായി കണ്ടെത്തുകയും അതില്‍ 19 കുടുംബത്തിനു ഭക്ഷ്യക്കിറ്റ്,16 പേര്‍ക്ക് ആവശ്യമായ മരുന്ന്, 4 പേര്‍ക്ക് വീട്, അഞ്ച് പേര്‍ക്ക് വീടും സ്ഥലവും, 8 പേര്‍ക്കായി വീട് മെയിന്റനന്‍സ് തുടങ്ങിയവ നല്‍കി. പീരുമേടിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു അഴുതയുടെ പേര് എക്കാലവും സ്മരിക്കപ്പെടണം എന്ന കാഴ്ച്ചപ്പാടോടെ 'ഹരിതം അഴുത' എന്ന പേരില്‍ മാലിന്യ നിര്‍മാര്‍ജനം, മാലിന്യ സംസ്‌ക്കരണം എന്നി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി.പഞ്ചായത്തില്‍ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം 528 വീടുകള്‍ പൂര്‍ത്തികരിച്ചു. കുടുംബശ്രീയില്‍ ആട്, കോഴി, പശുവളര്‍ത്തല്‍ തുടങ്ങി 35 കുടുംബത്തിനു വരുമാനം, ആശ്രയ പദ്ധതിയില്‍ 100 കുടുംബത്തിനു ഭക്ഷണം, വീട് മെയിന്റനന്‍സ് എന്നിവ നല്‍കി.
ചടങ്ങില്‍ ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ എന്നിവരെ ആദരിച്ചു. പഞ്ചായത്തില്‍ പുതുതായി ആരംഭിച്ച തുണി സഞ്ചി സംരഭത്തിന്റെ ഉദ്ഘാടനം ചടങ്ങില്‍ നടന്നു. റോബോട്ടിക്‌സ് എക്‌സ് പോ, വിവിധ കമ്പനികളുടെ തൊഴില്‍മേള എന്നിവയും സംഘടിപ്പിച്ചു. പൊതു ജനങ്ങള്‍, ഹരിതകര്‍മ്മ സേന, കുടുംബ ശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.