വയനാട് പുലിക്കാട്ട് കടവ് പാലം യഥാര്‍ത്ഥ്യത്തിലേക്ക്

post

വയനാട് തവിഞ്ഞാല്‍-തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുലിക്കാട്ട് കടവ് പാലം യഥാര്‍ത്ഥ്യത്തിലേക്ക്. പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ ഇടപ്പെടലിന്റെ ഫലമായി 11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 90 മീറ്റര്‍ നീളത്തില്‍ പൂര്‍ത്തിയാവുന്ന പാലത്തിന്റെ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കിയത് പൊതുമരാമത്ത് വകുപ്പാണ്. ബി.എം.ബി.സി നിലവാരത്തിലുള്ള സമീപന റോഡും 150 മീറ്റര്‍ പുഴയോര സംരക്ഷണ ഭിത്തിയും പാലത്തിനൊപ്പം പൂര്‍ത്തിയാവും

നേരത്തെയുണ്ടായിരുന്ന തൂക്ക് മരപ്പാലത്തിലൂടെയായിരുന്നു പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള യാത്ര. മഴക്കാലങ്ങളില്‍ മരപ്പാലം വെള്ളത്തില്‍ മുങ്ങുന്നതോടെ യാത്ര മുടങ്ങും. പിന്നെ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങിയാണ് യാത്ര ചെയ്യുന്നത്. നാട്ടുകാരുടെ യാത്രാദുരിതത്തിന് അറുതി വരുത്താന്‍ വാളാട് പുലിക്കാട്ട് കടവില്‍ കോണ്‍ക്രീറ്റ് പാലം വേണമെന്ന ദീര്‍ഘകാലത്തെ ആവശ്യമാണ് പാലം നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ യാഥാര്‍ത്ഥ്യമാവുന്നത്. വാളാട് നിന്ന് പുതുശ്ശേരിയിലേക്കും പേരിയ -വാളാട് ഭാഗത്തുനിന്ന് പുതുശ്ശേരി - തേറ്റമല - വെള്ളമുണ്ട ഭാഗത്തേക്കും എളുപ്പത്തിലെത്താവുന്ന പാതയാണിത്.

വാളാട് എ.എല്‍.പി സ്‌കൂള്‍, ജയ്ഹിന്ദ് എല്‍.പി സ്‌കൂള്‍, ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എടത്തന ഗവ ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലേക്കും പുതുശ്ശേരി - ആലക്കല്‍- പൊള്ളംപാറ പ്രദേശത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ മാനന്തവാടിയില്‍ എത്താനും പുതിയ പാലം സഹായകമാവും. ഒക്ടോബര്‍ അവസാനത്തോടെ പാലം യഥാര്‍ഥ്യമാകുമ്പോള്‍ തൊണ്ടര്‍നാട് - വെള്ളമുണ്ട പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘകാല നാളത്തെ യാത്രാദുരിതത്തിന് പരിഹാരമാവും.