അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ചങ്ങായി ആപ്പ്

post

ഇടുക്കി: അടിമാലി ഗ്രാമ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ലോക് ഡൗണ്‍ കാലത്തും വിഷമ ഘട്ടത്തിലും ഇനി അവശ്യ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാനും സന്നദ്ധ സേവകരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കാനും ചങ്ങായി ആപ്പ് സംവിധാനം ഒരുക്കി.  ജനങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ കാള്‍ സെന്റര്‍ മുഖാന്തരം വിവരങ്ങള്‍ നല്‍കി ആവശ്യപ്പെടാം.  9446 836 178, 6282 988 186, 9645 912 144, 8281 434 652, 9895 952 183 എന്നീ കാള്‍ സെന്റര്‍ നമ്പരുകളില്‍ അവശ്യ സാധനങ്ങള്‍ വിളിച്ചുപറഞ്ഞാല്‍ ചുമതലയുള്ളവര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യും. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഓര്‍ഡറുകള്‍ (പേര്, വാര്‍ഡ്, വീട്ട് നമ്പര്‍, ആവശ്യമുള്ള സാധനങ്ങള്‍) കോള്‍ സെന്ററില്‍ നിന്നും ആപ്പ് വഴി വോളന്റിയറിനു നോട്ടിഫിക്കേഷന്‍ ആയി ലഭിക്കും. വോളണ്ടിയര്‍മാര്‍ സാധനങ്ങള്‍ വാങ്ങി ബില്ല് സഹിതം വീടുകളിലെത്തിച്ച് നല്‍കുന്നതാണ് സംവിധാനം.

വോളന്റീയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍  ആപ്പിന്റെ സഹായത്തോടെ കൃത്യമായി വിലയിരുത്താനും സാധിക്കും.  വിവരങ്ങള്‍ ഒരു ഡാറ്റാബേസില്‍ എത്തുന്നതോടെ അതിന്റെ സുതാര്യത ഉറപ്പാക്കാനാകുന്നു എന്ന പ്രത്യേകയുമുണ്ട്. ജനങ്ങള്‍ക്കു നേരിട്ട് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ വെബ്‌പേജും ആപ്പും ഉടന്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

കിലയുടെ പിന്തുണയോടെ ജില്ല കോര്‍ഡിനേറ്റര്‍ ഡോ. അനൂപ് നാരായണന്റെ ആശയത്തെ സോഫ്റ്റ്വെയര്‍ ഡെവലപ്പേഴ്സ് ആയ അവിനാഷ്, അസ്ലം എന്നിവരാണ് ആപ്പ് വികസിപ്പിച്ചത്. കൊറോണ സമയത്ത് വികസിപ്പിച്ചതെങ്കിലും ഏത് ദുരന്തസമയത്തും ഗ്രാമപഞ്ചായത്തിന്  വിതരണം സംവിധാനം ഏകോപിക്കാന്‍ ഇത് പ്രയോജനപെടുത്താം. ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ റോഡിലിറങ്ങുന്നതും ഒത്തു ചേരുന്നതും  ഇത് വഴി കുറയ്ക്കാനാകും. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലഘുകരിച്ചാലും പൊതുഗതാഗതം നിലവില്‍ വരുന്നതുവരെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുമെന്ന് പ്രസിഡന്റ് ദീപ രാജീവ്, സെക്രട്ടറി കെ എന്‍ സഹജന്‍ എന്നിവര്‍ പറഞ്ഞു