തയ്യൽ തൊഴിലാളി ക്ഷേമിനിധി ബോർഡിന്റെ നിർമ്മിത ബുദ്ധി മൊബൈൽ ആപ്ലിക്കേഷൻ ഉദ്‌ഘാടനം ചെയ്തു

ആനുകൂല്യ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നടത്തി
തയ്യൽ തൊഴിലാളി മേഖലയിൽ സമഗ്ര മുന്നേറ്റം ലക്ഷ്യം : മന്ത്രി വി ശിവൻകുട്ടി
കേരള തയ്യൽ തൊഴിലാളി ക്ഷേമിനിധി ബോർഡിന്റെ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും ആനുകൂല്യ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവഹിച്ചു.
തയ്യൽ തൊഴിലാളി മേഖലയിൽ ക്ഷേമനിധി ബോർഡിലൂടെ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും തൊഴിലാളികളുടെ സമഗ്രമായ മുന്നേറ്റത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
കുടിശ്ശിക നിവാരണവും അധിക വരുമാനവും ഉൾപ്പടെ തൊഴിൽ മേഖലയിൽ സമഗ്രമായ പരിഷ്‌ക്കാരങ്ങൾ സർക്കാർ നടപ്പിലാക്കി വരികയാണ്. സമ്പൂർണമായ ക്ഷേമ വ്യവസ്ഥയിലേക്ക് കടക്കുവാൻ കുടിശ്ശിക നിവാരണം അത്യന്താപേക്ഷിതമാണ്. അതിനാൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കുടിശ്ശിക നിവാരണ ക്യാമ്പുകൾ സംഘടിപ്പിക്കുകയാണ്. പുതിയ മൊബൈൽ ആപ്പിന്റെ സേവനം ഉപയോഗിച്ച് കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ നേരിട്ട് തൊഴിലാളികളുടെ ഫോണിലേക്ക് എത്തിക്കുകയും അതുവഴി അംശാദായ കളക്ഷനിൽ കാര്യമായ പുരോഗതി ഉറപ്പാക്കുകയും ചെയ്യും. ഈ നടപടിയിലൂടെ പ്രതിവർഷം ബോർഡിന് കോടിക്കണക്കിന് രൂപയുടെ അധിക വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിലൂടെ ബോർഡിന്റെ പ്രവർത്തനത്തിൽ സ്വാതന്ത്ര്യവും സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ കഴിയും. ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ ഡിജിറ്റൽവത്കരിച്ച് തൊഴിലാളികൾക്ക് സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായുള്ള ചുവടുവയ്പ്പാണ് മൊബൈൽ ആപ്പിലൂടെ സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു.
മൂന്ന് ലക്ഷത്തിലധികം വരുന്ന അംഗങ്ങളുടെയും ഒരു ലക്ഷത്തിലധികം വരുന്ന പെൻഷൻകാരുടെയും ജീവിതത്തിൽ ആശ്വാസവും സംരക്ഷണവും തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നുണ്ട്. വിവാഹാനുകൂല്യം, പെൻഷൻ, മെഡിക്കൽ സഹായം, സ്‌കോളർഷിപ്പ് തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ബോർഡിലൂടെ എത്തിച്ചുകൊണ്ടിരിക്കുന്നതിൽ സർക്കാർ അഭിമാനിക്കുന്നതായും മന്ത്രി പറഞ്ഞു.
അംശാദായ കുടിശ്ശിക വിതരണം ഡിജിറ്റൽ ട്രാൻസാക്ഷൻ നടത്തി മന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ 50 ഗുണഭോക്താക്കൾക്ക് വ്യത്യസ്ത ഇനങ്ങളിലായി 10 ലക്ഷത്തിലധികം രൂപയുടെ ധനസഹായം ചടങ്ങിൽ വിതരണം ചെയ്തു. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ എലിസബത്ത് അസീസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് പി മനോഹർ സ്വാഗതം ആശംസിച്ചു. ബോർഡ് അംഗങ്ങളായ ഇ ജി മോഹനൻ, സുന്ദരൻ കുന്നത്തുള്ളി, കെ കെ ഹരിക്കുട്ടൻ, സതികുമാർ, ബിന്ദു സി, ലിയ ലത്തീഫ് തുടങ്ങിയവർ സന്നിഹിതരായി.