നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും

പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ സേവനത്തിനായി ഇനി മൊബൈൽ ആപ്പും. നോർക്ക കെയർ ആപ്പ് ഗൂഗിൽ പ്ലേസ്റ്റേറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി. നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും.
നിലവിൽ കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴി പ്രവാസികേരളീയർക്ക് ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത്. ലോകകേരള സഭയിൽ ഉൾപ്പെടെ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് നോർക്ക കെയർ. സാധുവായ നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എൻ.ആർ.കെ ഐ.ഡി കാർഡുളള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം.