53 സമൂഹ അടുക്കളയിലൂടെ 81,722 ഭക്ഷണം നല്‍കി ഗ്രാമ പഞ്ചായത്തുകള്‍

post

ഇടുക്കി : ജില്ലയിലെ 52 പഞ്ചായത്തില്‍ ഏലപ്പാറയില്‍ രണ്ടെണ്ണം ഉള്‍പ്പെടെ 53 സമൂഹ അടുക്കളയുമായി പഞ്ചായത്തുകളും കുടുംബശ്രീയും ലോക്ഡൗണില്‍ വിശന്നിരിക്കുന്നവരില്ലെന്ന് ഉറപ്പു വരുത്തി കോവിഡിനെ നേരിടുന്നതില്‍  മികച്ചപ്രവര്‍ത്തനത്തിലാണ്. ഇതുവരെ 81,722 പേര്‍ക്ക് സമൂഹ അടുക്കളയിലൂടെ ഭക്ഷണം നല്‍കി. ഇതില്‍ 72,493 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്.  66,473 പേര്‍ക്ക് വീട്ടില്‍ എത്തിച്ചു നല്‍കുകയായിരുന്നു. 10,146 പേര്‍ അതിഥി തൊഴിലാളികളാണ്. 16,369 സൗജന്യ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ നിരീക്ഷണത്തില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന 6689 പേരുടെ ആരോഗ്യ വിവരങ്ങള്‍ തദ്ദേശ ഭരണ സ്ഥാപന സമിതികള്‍ മുഖേന അവലോകനം ചെയ്യുന്നുണ്ട്. ഐസലേഷനില്‍ കഴിയുന്ന 720 പേര്‍ക്ക് ഭക്ഷണം നല്‍കി. 

5919 പേര്‍ക്ക് കൗണ്‍സലിങ് നല്‍കുകയും ചെയ്തു. പ്രത്യേക പരിഗണന ലഭിക്കേണ്ട 503 കോളനികളും സന്ദര്‍ശിച്ചു സ്ഥിതിഗതി വിലയിരുത്തുന്നു. 25,313 വീടുകള്‍ സന്ദര്‍ശിച്ച്  പരാതിയ്ക്കിടയുണ്ടാക്കാത്ത പ്രവര്‍ത്തനങ്ങളാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളും പഞ്ചായത്തു വകുപ്പും നിര്‍വ്വഹിക്കുന്നത്. ജില്ലയിലെ 21 കെയര്‍ ഹോമുകളും സന്ദര്‍ശിച്ച് 868 അന്തേവാസികളുമായി സംസാരിച്ച് അവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി. ഇതുവരെ കൊവിഡ്-19 രോഗലക്ഷണമുള്ളവരാരും കെയര്‍ ഹോമില്‍ ഇല്ല. ജില്ലയിലെ 792 വാര്‍ഡ് കമ്മിറ്റികളാണ് 5743 കുടുംബങ്ങളെ നിരീക്ഷിക്കുന്നത്. 1307 സന്നദ്ധ പ്രവര്‍ത്തകര്‍ വാര്‍ഡ് കമ്മിറ്റിയെ സഹായിക്കാന്‍ രംഗത്തുണ്ട്. തെരുവില്‍ നിന്നും 13 അഗതികളെ കണ്ടെത്തി കൊവിഡ്-19 ലോക് ഡൗണ്‍ കാലയളവില്‍ പുനരധിവസിപ്പിച്ചു. കൊവിഡ് കെയര്‍ സെന്ററായി പ്രവര്‍ത്തിപ്പിക്കാന്‍ 59 കെട്ടിങ്ങള്‍ കണ്ടെത്തി. സ്‌കൂള്‍, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ ഉള്‍പ്പെടെ ഭക്ഷ്യ ധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണായി ഉപയോഗിക്കാന്‍ 80 കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി കുര്യാക്കോസ് അറിയിച്ചു.