പൊളിഞ്ഞപാലം അങ്കണവാടി ഉദ്ഘാടനം ചെയ്തു

post

ഇടുക്കി അടിമാലി പൊളിഞ്ഞപാലം അങ്കണവാടിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിച്ചു .നാടിന്റെ വികസനത്തിന്റെ സൂചികയാണ് ആരോഗ്യ- വിദ്യാഭ്യാസ- ഗതാഗത  രംഗത്തുണ്ടായ  പുരോഗതിയെന്ന് മന്ത്രി പറഞ്ഞു.

നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നും ഓരോ കാലഘട്ടത്തിലും മാറ്റങ്ങള്‍ക്ക് വിധേയമാകും. അത്തരം മാറ്റത്തിന്റെ ഭാഗമായാണ് ആധുനിക നിലവാരത്തില്‍ അങ്കണവാടികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിവിധ ഫണ്ടുകള്‍ വിനിയോഗിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷനായി. നാടിന്റെ പുരോഗതിയുടെ അടിസ്ഥാന ശിലയായിട്ടാണ് അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

രാജ്യസഭാ എം.പി ജോസ് കെ മാണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പൊളിഞ്ഞപാലത്ത് 82ാം നമ്പര്‍ അങ്കണവാടിയുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.  പൊളിഞ്ഞപാലം അങ്കണവാടി അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ആര്‍ രഞ്ജിത, റൂബി സജി, മേരി തോമസ്, ശിശു വികസന പ്രോഗ്രാം ഓഫീസര്‍ എം.യു, ജമീല, സൂപ്പര്‍വൈസര്‍ സീനത്ത് കെ.കെ വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.