കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു

ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന വിവിധ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കൊന്നത്തടി ഗ്രാമ പഞ്ചായത്തിലെ സമസ്ത മേഖലകളിലും സര്‍വതല സ്പര്‍ശിയായ മാറ്റമുണ്ടായതായി റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ യാഥാര്‍ഥ്യമാകുന്നതോടെ കൊന്നത്തടിയുടെ ഗ്രാമീണ മേഖലകളിലൂടെ ബസ് സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഗതാഗത രംഗത്ത് അടക്കം ഗ്രാമീണ മേഖല മാറ്റത്തിന്റെ പാതയിലാണ്. ഗ്രാമീണ മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാതൃകാപരമായ പദ്ധതികളാണ് പഞ്ചായത്ത് ഭരണ സമിതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 4.5 കോടി രൂപ ചെലവില്‍ ബിഎംആന്റ്ബിസി നിലവാരത്തില്‍ നിര്‍മ്മിക്കുന്ന നിരപ്പേല്‍പടി- മരക്കാനം-മാങ്ങാപ്പാറ റോഡ്, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് ഫണ്ടില്‍ 45 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന മരക്കാനം-പൊന്‍മുടി റോഡ്, 30 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന മരക്കാനം-മുനിയറ റോഡ്, 16 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പൂതാളി-പാറത്തോട് റോഡ് എന്നീ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനവും ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മാങ്ങാപ്പാറ- ചേബ്ലാംകുഴി-കൊമ്പൊടിഞ്ഞാല്‍ റോഡിന്റെ ഉദ്ഘാടനവുമാണ് മന്ത്രി മരക്കാനത്ത് നിര്‍വഹിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളായ ടി.പി മല്‍ക്ക, സുമംഗല വിജയന്‍, മേരി ജോര്‍ജ്, പൂതാളി സെന്റ് ജയിംസ് പള്ളി വികാരി സൈജു പുത്തന്‍പറമ്പില്‍, വിവിധ രാഷ്ട്രിയ- സാമൂഹിക- സാംസ്‌കാരിക സംഘടന പ്രതിനിധികളായ ഷാജി കാഞ്ഞമല, വി.എം ബേബി, റ്റി. എസ് തങ്കച്ചന്‍, വില്‍സണ്‍ തോമസ്, ബാബു കുന്നേല്‍, സന്തോഷ് തോമസ്, ബേബി കോലോത്തുപടവില്‍, ആദര്‍ശ് ഇസക്കിയേല്‍, ടോമി ചെറുനിലത്ത് പുത്തന്‍പുരയ്ക്കല്‍, ലിസി ടോമി, അനീഷ് ബാലന്‍, കെ.കെ രജനി തുടങ്ങിയവര്‍ പങ്കെടുത്തു.